Thursday, November 5, 2009

ഡോക്ടറെ കാണാന്‍

(ഇതൊരു പരാതി അല്ല. ഇതു എഴുതുന്നതിനു മുന്പ് ശാസ്ത്രീയപഠനങ്ങളോ അന്വേഷണങ്ങളോ ഒന്നും നടത്തിയിട്ടില്ല. ഇതൊരു സാധാരണക്കാരന്റെ ആശങ്ക മാത്രമാണ്)

ഇക്കഴിഞ്ഞ ദിവസം എന്റെ ഏഴ് മാസം പ്രായമുള്ള മകനെയും കൊണ്ടു ഒരു പ്രശസ്ത ആശുപത്രിയില്‍ പോകേണ്ടി വന്നു. മറ്റുള്ളവര്‍ പറഞ്ഞു കേട്ട, അവിടെയുള്ള ഒരു നല്ല "കുട്ടികളുടെ ഡോക്ടറെ" കാണിക്കാന്‍ കൊണ്ടു പോയതാണ്. തലേ ദിവസം തന്നെ മുന്കൂടി ബുക്ക്‌ ചെയ്തിരുന്നു. ടോക്കണ്‍ നമ്പര്‍ 44 ആണെന്നും ഉച്ചക്ക് 12.30-ഓടെ എത്തണം എന്നും പറഞ്ഞിരുന്നു. പറഞ്ഞ പ്രകാരം ഞങ്ങള്‍ അവിടെ 12.15-ഓടെ എത്തി. അവിടെ എത്തിയപ്പോള്‍ കണ്ട അവസ്ഥ - നല്ല തിരക്കുള്ള ആശുപത്രി. ടോക്കണ്‍ നമ്പര്‍ 19 - ഡോക്ടറെ കാണാന്‍ കയറിയിട്ടേ ഉള്ളൂ. അതായത് കുറഞ്ഞ പക്ഷം ഒരു 2 മണിക്കൂറെങ്കിലും കഴിയാതെ ഞങ്ങള്ക്ക് ഡോക്ടറെ കാണാന്‍ കഴിയില്ല. അവിടെ കൂടിയിരുന്ന മറ്റു പലരുടെയും അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. പലരും കുറെ നേരമായി കാത്തിരിക്കുന്നവരാണ്, അല്ലെങ്കില്‍ ഇതുപോലെ കാത്തിരിക്കേണ്ടവരാണ്.

മറ്റു പല രോഗങ്ങളും ഉള്ളവരുടെ കൂടെ നമ്മള്‍ ഇനി സമയം ചിലവഴിക്കണം.

സാധാരണയായി ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരുന്നവര്‍ എന്തെങ്കിലും രോഗം ഉള്ളവരും അതുകൊണ്ട് തന്നെ ശരീരം ക്ഷീണിച്ചവരും ആയിരിക്കും. അവരുടെ രോഗപ്രതിരോധ ശക്തി കുറവും ആയിരിക്കും. അപ്പോള്‍ മറ്റു രോഗം ഉള്ളവരുടെ അടുത്ത് സമയം ചിലവഴിക്കുമ്പോള്‍ (പ്രത്യേകിച്ചു പകരുന്ന അസുഖം ഉള്ളവരുടെ) അത് നമുക്കും പകരാന്‍ ഉള്ള സാധ്യത കൂടുതല്‍ അല്ലെ?

ചെറിയ കുട്ടികളുടെ കാര്യം കൂടുതല്‍ സങ്കീര്‍ണം അല്ലെ? അവരുടെ ഭക്ഷണം, മറ്റു ചിട്ടകള്‍ എല്ലാം താറുമാറാവും. അത് തന്നെ അവര്ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രികള്‍ എങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ?

മുന്‍കൂട്ടി ബുക്ക്‌ ചെയ്തു വരുന്ന ആളുകളെ പറഞ്ഞ സമയത്ത് പരിശോധിച്ച് പറഞ്ഞയച്ചാല്‍ ഇതു ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നു. അവിടെ നേരിട്ടു വരുന്ന രോഗികളെ എങ്ങനെ പരിശോധിക്കും എന്നൊക്കെ ആലോചിക്കേണ്ട വിഷയങ്ങള്‍ ആണ് - 2 വ്യത്യസ്ഥ സമയങ്ങളില്‍ ആക്കാന്‍ പറ്റില്ലേ?

(ഇപ്പോള്‍ എനിക്ക് തോന്നുന്നു അഡ്മിറ്റ്‌ ചെയ്ത രോഗികളുടെയും അവസ്ഥ മറ്റൊന്ന് അല്ല എന്ന്. പരന്നു നടക്കുന്ന രോഗാണുക്കളുടെ ഇടക്കുള്ള ഒരു ജീവിതം !)


Wednesday, October 28, 2009

ചായ

കുട്ടികള്‍ പരീക്ഷ എഴുതികൊണ്ടിരിക്കുകയാണ്. പുറത്ത് ചുട്ടുപൊള്ളുന്ന വെയില്‍. ഒരു ഇല പോലും അനങ്ങുന്നില്ല. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചിട്ടു അധികം കാലമായിട്ടില്ല. കുട്ടികള്‍ വലിയ പ്രശ്നക്കാരല്ലത്തതുകൊണ്ട് പരീക്ഷ നടത്തിപ്പിനു വലിയ പ്രശ്നങ്ങളില്ല.

അപ്പോഴാണ്‌ ക്യാന്റീനിലെ കുട്ടി ചായയും ചെറിയ എന്തോ പലഹാരവുമായി വന്നത്. - പരീക്ഷ "ഇന്‍വിജിലേഷന്‍" ചായ. ഞാന്‍ നില്ക്കുന്ന ഹാളില്‍ വേറെ ആരും ഇല്ലാത്തതുകൊണ്ട് പുറത്ത് പോവാന്‍ പറ്റില്ല. അവിടെ നിന്നുകൊണ്ട്‌ തന്നെ അത് കഴിക്കണം.ഇത്രയും കുട്ടികള്‍ ഇരുന്നു പരീക്ഷ എഴുതുമ്പോള്‍ അവരുടെ മുന്‍പില്‍ വച്ചു ഞാന്‍ മാത്രം ചായ കുടിക്കുന്നതെങ്ങനെ?

കാലങ്ങള്‍ വകഞ്ഞ് മാറ്റിക്കൊണ്ട് ഓര്‍മ്മകള്‍ വികൃതികുട്ടികളെപ്പോലെ മനസ്സിലേക്ക് തള്ളിക്കയറി. ഞങ്ങളുടെ നാട്ടിന്പുറത്തുള്ള സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്ന സമയം. എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു.തത്ക്കാലം നമുക്കു അയാളെ സാജു എന്ന് വിളിക്കാം. സാജുവിന്റെ അമ്മ അവിടുത്തെ തന്നെ ടീച്ചര്‍ ആണ്.

എന്നും ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ കളിക്കുമ്പോള്‍ സാജുവിന്റെ അമ്മ അവനെ വിളിക്കും. കളി നിര്‍ത്തി സാജു ടീച്ചര്‍മാരുടെ മുറിയിലേക്ക് പോവും. ആദ്യമോന്നും കാര്യം മനസ്സിലായിരുന്നില്ല. പിന്നീടെപ്പൊഴോ മനസ്സിലായി അവന്‍ അവരുടെ കൂടെ ചായ കുടിക്കാനാണ് പോവുന്നതെന്ന്. അവന്‍ അവരുടെ കൂടെ ഇരുന്നു പാല്‍_ചായ കുടിക്കാറുണ്ടെന്നും.എന്റെ അമ്മ ഒരു ടീച്ചര്‍ അല്ലാത്തത്തിനു ഞാന്‍ ആദ്യമായി സങ്കടപ്പെട്ടത് അന്നാണ് (പല അവസരങ്ങളിലും പിന്നീട് പക്ഷെ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട് - അമ്മയ്ക്ക് എന്റെ കൂടെ കളിയ്ക്കാന്‍ ഒരുപാടു സമയം ഉണ്ടായിരുന്നുവല്ലോ).

ഒന്നു-രണ്ടു വര്‍ഷങ്ങക്ക് ശേഷം എനിക്കൊരു ചെറിയമ്മ വന്നു. ചെറിയമ്മ അവിടുത്തെ ടീച്ചര്‍ ആയി ജോലിക്ക് കയറി. ആദ്യ ദിവസത്തെ ഇന്റര്‍വെല്‍ സമയം.സാജുവിനെ അവന്റെ അമ്മ വിളിച്ച ഉടനെ എന്നെ ചെറിയമ്മ വിളിച്ചു. കുട്ടികള്‍ എല്ലാവരും പുറത്ത് പോയ ഒരു ക്ലാസ്സ്‌-റൂം തന്നെയാണ് ടീച്ചര്‍മാരുടെയും മുറി. അവിടെ ചെന്നപ്പോള്‍ എനിക്കായി ഒരു പാല്‍_ചായയും എന്തോ ഒരു പലഹാരവും വെച്ചിരിക്കുന്നു. സന്തോഷത്തോടെ അവിടെയിരുന്ന് അതൊക്കെ കഴിച്ചു. പിന്നീടെന്നും അത് തുടര്‍ന്നു.

ഇതിന്റെ മറ്റൊരു വശം ആലോചിക്കാനുള്ള ബുദ്ധിയോ പക്വതയൊ എനിക്ക് അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ അറിയുന്നു ഞാന്‍ ചെയ്തിരുന്നത് ഒരു മോശം കാര്യമായിരുന്നു എന്ന്. ആദ്യം സാജു ഒറ്റയ്ക്ക് പോയിരുന്നപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടതുപോലെ പിന്നീട് ഞങ്ങള്‍ രണ്ടു പേരും പോവാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരും സങ്കടപെട്ടിട്ടുണ്ടാവില്ലേ? അത് തിരിച്ചറിയാതെ ഞാന്‍ കുറച്ചെന്തോ വലിയവനായി എന്നുള്ള ഒരു അഹങ്കാരമായിരുന്നില്ലേ എന്റെ മനസ്സിലുണ്ടായിരുന്നത്? അന്ന് ആ പ്രായത്തില്‍ അത് തിരിച്ചറിയാന്‍ എനിക്ക് പറ്റിയില്ല.

ഇപ്പോള്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട് - കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഞാനും കഴിക്കാതിരിക്കാന്‍.

പരീക്ഷ എഴുതുന്ന കുട്ടികളുടെ മുന്‍പില്‍ വച്ചു അവര്ക്കു കൊടുക്കാതെ ഒന്നും കഴിക്കാന്‍ എന്റെ മനസ്സു അനുവദിക്കുന്നില്ല.........


ക്യാന്റീനിലെ കുട്ടി തിരിച്ചുപോയിരിക്കുന്നു...................................



Tuesday, October 27, 2009

ഓര്‍മ്മകള്‍

പൊട്ടിച്ചിരിയുടെ അലകളും സന്താപത്തിന്റെ ചുഴിക്കുത്തുകളുമായി ഒഴുകുന്ന ജീവിത സരണിയുടെ മണല്‍ത്തീരത്ത് നാമുണ്ടാക്കുന്ന ഒഴുക്കുപാടുകളാണ് ഓര്‍മ്മകള്‍. ആ ഒഴുക്കിനെതിരെ മനസ്സുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ അവ നമുക്കു വീണ്ടും കാണാം. ചിലവ പൂര്‍ണമായും മാഞ്ഞു പോയിരിക്കും. ചിലത് പായല്‍ പിടിച്ചു മങ്ങിയിരിക്കും. എന്നാല്‍ മറ്റു ചിലവയാവട്ടെ, ഒട്ടും മങ്ങാതെ പൂര്ണ്ണരൂപത്തില്‍ അവിടെ തന്നെ അവശേഷിക്കുന്നുണ്ടാവും.ചിരിയുടെയും കരച്ചിലിന്റെയുമൊക്കെ കക്കകളും മുത്തുകളും അതില്‍ പറ്റിപ്പിടിച്ചിരിക്കും. അവ പെറുക്കിയെടുക്കുമ്പോള്‍ കിട്ടുന്നത് മനസ്സിന് വല്ലാത്തൊരു സുഖമാണ്.

നമ്മുടെ ജീവിത ചരിത്രമാണ്‌ ഓര്‍മ്മകള്‍. അത് നാം തന്നെ സൃഷ്ടിക്കുന്നതാണ്.........

Friday, October 23, 2009

ഏകാന്തനായ ശുനകന്‍

{എന്റെ അദ്ധ്യാപക ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതാനാണ് ഉദ്ദേശിച്ചതെങ്കിലും ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് കവിത തര്‍ജമ ചെയ്തത് വെച്ചു തുടങ്ങാം എന്ന് വിചാരിക്കുന്നു...}

ഏകാന്തനായ ശുനകന്‍

മെലിഞ്ഞൊരു പട്ടിയാവുന്നു - ഞാന്‍
ബുദ്ധിയുള്ളോരു പട്ടി.
ഏകനായി കാടു തോറും
പാത തോറും തെരുവ് തോറും
തെണ്ടി നടക്കലെ ജോലി.
എല്ലാം സഹിച്ചു തളര്‍ന്നോന്‍
തീറ്റ തേടിയലഞ്ഞു തളര്‍ന്നോന്‍
ചീത്തയായൊരു പട്ടിയാവുന്നു - ഞാന്‍
ഭ്രാന്തനായൊരു പട്ടി.

ആടിനെ കൊന്നും കവര്‍ന്നും - രാത്രിയില്‍
ചന്ദ്രനു നേരെ കുരച്ചും
രാത്രി മനുജന്റുറക്കം കെടുത്തിയും
ഞാനൊരു കേമനാവുന്നു.

സ്വാതന്ത്ര്യമുള്ളോരു പട്ടിയാവുന്നു - ഞാന്‍
കാല് നക്കാത്തൊരു പട്ടി.
അരോഗ്യമില്ലാതെ, ഭക്ഷണം തേടി -
കവാടത്തില്‍ മുട്ടാതെ
കൂട്ടുകാരില്ലാതെ, തിന്നാന്‍,കുടിപ്പാനു-
മില്ലാതെ തെണ്ടി നടക്കുന്ന പട്ടി.
അടയുന്ന വാതിലും ചീറും ശിലകളും
തുപ്പും ചവിട്ടും വെറുപ്പും
മാത്രമെ ബാക്കിയാവുന്നു.

ചിലരെന്റെ കൂടെ വരുന്നു - പക്ഷെ
അവരും പിരിഞ്ഞുപോവുന്നു
എനിക്ക് താണ്ടേണ്ടൊരു പാതയെത്ര
കഠിനമായുള്ളതാണോര്‍ക്കുന്നു ഞാന്‍.
എത്രയും നല്ലതാണെന്റെ പാത
സുസ്ഥിരമായൊരു പാതയല്ലോ.
അന്വേഷണത്തിന്‍ വിശപ്പുമായി
ഏകനായ്‌ യാത്ര തുടരുന്നേന്‍.

Friday, October 9, 2009

ഇന്നലെ, നാളെ, ഇന്നു

ഇന്നലെയുടെ ഓര്‍മകളും നാളെയുടെ സ്വപ്നങ്ങളും പേറുന്ന ഇന്നിലുള്ളതോ - കുറെ യാഥാര്ത്ഥ്യങ്ങള്‍!

ഞാന്‍

എന്റെ പേര് രഘു

തലമുണ്ട വാരിയത്ത് ,ഉണ്ണിയുടെയും തങ്കത്തിന്റെയും മകനായ ഞാന്‍,
തലമുണ്ടയിലെ പ്രാഥമിക വിദ്യാലയത്തില്‍,വാരിയത്തെ കുട്ടിയായിരുന്നു.

കുറ്റിപ്പുറത്ത് ഹൈസ്കൂളില്‍, ഞാന്‍ എടപ്പാളില്‍ നിന്നും വരുന്ന രഘുവായിരുന്നു.

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ മലപ്പൂറം ജില്ലക്കാരനായിരുന്ന ഞാന്‍,
ബാംഗ്ലൂരില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ മലയാളിയായി.

ഉത്തരേന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരാള്‍ എന്നെ മദ്രാസിയാക്കി.

വിദേശത്ത് ഇന്ത്യക്കാരനായും, ഭൂമിക്കു പുറത്തു ഭൂനിവാസിയായും ഞാന്‍ അറിയപ്പെടാനാണ് സാധ്യത.. അതിനുമപ്പുറം എന്താവുമെന്ന് തന്നെ അറിയില്ല.

ആരാണ് ഞാനെന്ന്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു.........................

Friday, September 18, 2009

യാത്രകള്‍

യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല (ഒരു പക്ഷെ അവസാനത്തെ മാത്രം - പക്ഷെ അതിനെ പറ്റി തീര്ച്ചയുമില്ല). ഓരോ യാത്രയുടെയും അവസാനം മറ്റൊന്ന് തുടങ്ങുന്നു. അങ്ങനെ യാത്രകളുടെ അറ്റമില്ലാത്ത ചങ്ങല ആണ് ജീവിതമെന്ന ഈ മഹായാത്ര.

Wednesday, February 25, 2009

നക്ഷത്രങ്ങളും പൂമ്പാറ്റകളും

നക്ഷത്രങ്ങള്‍ ആകാശത്തുനിന്നും പൂമ്പാറ്റകളായി ഭൂമിയിലേക്ക് പറന്നിറങ്ങി പൂവുകള്‍ ആയതാണോ, അതോ പൂവുകള്‍ ഭൂമിയില്‍നിന്നും പൂമ്പാറ്റകളായി പറന്നുപൊങ്ങി നക്ഷത്രങ്ങള്‍ ആയതാണോ? – ഒരു കാര്യം തീര്‍ച്ചയാണ്, നക്ഷത്രങ്ങളും പൂവുകളും പൂമ്പാറ്റകളും വ്യത്യസ്ഥങ്ങള്‍ അല്ല.

നക്ഷത്രങ്ങള്‍ ഇല്ലാത്ത ആകാശവും പൂക്കളും പൂമ്പാറ്റകളും ഇല്ലാത്ത ഭൂമിയും എത്ര അസുന്ദരമാണ്....

Thursday, February 12, 2009

കൃതഞ്ജത സര്‍വ്വശ്രീ രഘു സി.വി.

ഇതേ വരെ ഇങ്ങനെ ഒരു വാചകം എവിടേയും വാ‍യിച്ചിട്ടില്ലെങ്കിലും ഒരു പക്ഷെ വായിച്ചാല്‍ ഒരിക്കലും ഞാ‍ന്‍ അദ്ഭുതപ്പെടുകയില്ല എന്നെനിക്ക് ഉറപ്പാണ് (പേരിന്‍റെ പേരില്‍ ഒരു പക്ഷെ അദ്ഭുതപ്പെട്ടേക്കാം !). കാരണം, പല സ്ഥലങ്ങളില്‍ പല സന്ദര്‍ഭങ്ങളില്‍ ഇതേ മാതിരിയുള്ള എഴുത്തുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വര്‍ണ്ണശബളമായ “ഫ്ളക്സ്” ബോര്‍ഡുകളില്‍ തൊട്ട് വീടിന്റെ മുന്‍പില്‍ സ്വന്തം പേര് എഴുതിയ ബോര്‍ഡില്‍ വരെ കണ്ടിട്ടുള്ള ഒരു “മലയാള വധ”മാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

അഞ്ജനവും അജ്ഞാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവരാണ്‍ ഇത്തരം ബോര്‍ഡുകള്‍ എഴുതി വയ്ക്കുന്നത്. “ജ്ഞ“ യും “ഞ്ജ” യും വ്യത്യസ്ഥങ്ങളാണെന്ന് തിരിച്ചറിയാത്തവരാണിവര്‍. ജ ആദ്യവും ഞ പിന്നീടും ചേരുമ്പോള്‍ “ജ്ഞ” യും ഞ ആദ്യവും ജ പിന്നീടും ചേരുമ്പോള്‍ “ഞ്ജ” യും ഉണ്ടാവുന്നു. അവ രണ്ട് വ്യത്യസ്ഥ കൂട്ടക്ഷരങ്ങളും അവയ്ക്ക് രണ്ട് രീതിയിലുള്ള ഉച്ചാരണങ്ങളും ആണ്‍.

സാധാരണയായി ഒരാളുടെ പേര് എഴുതുമ്പോള്‍ വിശേഷണമായി ശ്രീ ചേര്‍ക്കാറുണ്ട്. ഒന്നിലധികം ആളുകള്‍ ഉണ്ടെങ്കില്‍ ആദ്യം സര്‍വ്വശ്രീ ചേര്‍ത്ത് എല്ലാവരുടേയും പേരുകള്‍ എഴുതും. പിന്നെ എല്ലാവര്‍ക്കും വെവ്വേറെ ശ്രീ ചേര്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ പുതിയ പരിഷ്ക്കാരം എല്ലാവര്‍ക്കും സര്‍വ്വശ്രീ എന്ന വിശേഷണം കൊടുക്കുക ആണ്‍!. (കൂടുതല്‍ ബഹുമാനം കാണിക്കാനാണോ ഇങ്ങനെ എഴുതുന്നവര്‍ ഉദ്ദേശിക്കുന്നത് എന്നു തോന്നും എഴുതിയിരിക്കുന്നത് കണ്ടാല്‍).

ഇത്തരം തെറ്റുകള്‍ കടന്നു കൂടിയിരിക്കുന്ന ബോര്‍ഡുകള് പല ഭാഗത്തും കാണാം. നമ്മള്‍ സ്വന്തം കാര്യത്തിന്‌ എഴുതുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍ പോട്ടെ, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നവയിലെങ്കിലും ശരിയായി എഴുതി വയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? അതു വാ‍യിച്ച് വളര്‍ന്നു വരുന്ന പുതിയ തലമുറയെ ഓര്‍ത്തെങ്കിലും………….

കര്‍ണ്ണാടക സംഗീതം

അടുത്തിടെ ഒരു ദിവസം പ്രസിദ്ധ സംഗീതജ്ഞന്‍ ശ്രീ. ബാലമുരളീകൃഷ്ണയുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി. അതില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് “കാതിന് ഇമ്പം പകരുന്നതായിരിക്കണം കര്‍ണ്ണാടക സംഗീതം“ എന്ന്. അത് വായിച്ചപ്പോഴാണ്, കര്‍ണ്ണാടക സംഗീതം എന്ന വാക്കിന്‍റെ അര്‍ത്ഥം അന്വേഷിച്ചത്.
കര്‍ണ്ണാടക സംഗീതം നമുക്ക് ഇങ്ങനെ മുറിക്കാം
കര്‍ണ്ണം – ചെവി
ആടകം – പൊന്ന്, സ്വര്‍ണം.
അപ്പോള്‍ കര്‍ണ്ണത്തിനു ആടകമായിട്ടുള്ള സംഗീതം – ചെവിക്ക് പൊന്നായിട്ടുള്ള സംഗീതമാവുന്നു കര്‍ണ്ണാടക സംഗീതം.
ഇങ്ങനെ പേരിട്ടതാണോ, അതോ ഭാഷയുടെ (കന്നഡ – കര്‍ണ്ണാടകം) പേരുമായി ബന്ധപ്പെടുത്തി വിളിച്ചതാണോ എന്നറിയില്ല. ഏതായാലും ശരിക്കും ചേരുന്ന പേരു തന്നെ.

Wednesday, January 28, 2009

വലുപ്പം

എന്‍റെ രാജ്യത്തു നിന്നും നിങ്ങളുടെ രാജ്യത്തിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
നമ്മള്‍ അധികം ദൂരത്തല്ലെന്നു മനസ്സിലായത്
എന്‍റെ നാട്ടില്‍ നിന്നും നിങ്ങളുടെ നാട്ടിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
നമ്മള്‍ വളരെ അടുത്താണെന്നു മനസ്സിലായത്
എന്‍റെ വീട്ടില്‍ നിന്നും നിങ്ങളുടെ വീട്ടിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
നമ്മള്‍ ഒരു വേലിയ്ക്ക് അപ്പുറവും ഇപ്പുറവും ആണെന്നു മനസ്സിലായത്
എന്‍റെ മനസ്സില്‍ നിന്നും നിങ്ങളുടെ മനസ്സിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
എന്നില്‍ നിന്നും നിങ്ങളിലേയ്ക്ക് അധികം ദൂരമില്ലെന്നു മനസ്സിലായത്

രാജ്യങ്ങളും നാടുകളും വീടുകളും അടുത്താണെന്ന് അറിഞ്ഞപ്പോഴാണ്
ലോകം എത്ര ചെറുതാണെന്നു മനസ്സിലായത് !
മനസ്സുകള്‍ അടുത്താണെന്നു അറിഞ്ഞപ്പോഴാണ്
ലോകം എത്ര വലുതാണെന്നു മനസ്സിലായത് !
എനിക്കു വേണമാ മണ്ണിന്‍റെ നന്‍മണം
എനിക്കു വേണമാ നാടിന്‍റെ സദ്ഗുണം
എനിക്കു വേണ്ടയീ കപടലോകത്തിന്‍റെ
പേരും പെരുമയും നാട്യങ്ങളും.