Wednesday, March 25, 2015

വില കൂടിക്കൊണ്ടേയിരിക്കുന്നു....... പക്ഷേ............

കുറച്ചു മാസങ്ങൾക്ക് മുൻപ് ഭാരതത്തിന്റെ പരമോന്നത നീതി പീഠം ഒരു പ്രസ്താവന ഇറക്കുകയുണ്ടായി: രണ്ട് മാസം ഉള്ളി കഴിയ്ക്കാതിരുന്നാൽ മതി, ഉള്ളി വില താനെ കുറയും”. ഉള്ളി വില നിയന്ത്രണാതീതമായി കൂടുന്നത് കണ്ട് ഒരാൾ കൊടുത്ത ഹർജി തള്ളിയാണ്‌ കോടതി ഇത് പറഞ്ഞത്. വില നിയന്ത്രണം കോടതിയുടെ പണിയല്ലെന്നും കോടതി തുറന്നടിച്ചു.

കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ട് തോന്നുന്ന ഒരു പ്രസ്താവനയാണെങ്കിലും സംഗതി ശരിയാണ്‌. സാമ്പത്തിക ശാസ്ത്രത്തിലെ ഒരു വലിയ തത്വമാണിത് . ഏതൊരു വസ്തുവിന്റേയും വില നിർണയിക്കുന്നതിൽ അതിനു വേണ്ടിയുള്ള ത്വര(ഡിമാന്റ്) ഒരു വലിയ പങ്ക് വഹിക്കും. കച്ചവടം നടത്തുന്നവർ എപ്പോഴും അവരുടെ ലാഭം വർദ്ധിപ്പിയ്ക്കാനേ ശ്രമിയ്ക്കൂ. അതു കൊണ്ട് തന്നെ ഒരു വസ്തുവിന്റെ ഡിമാന്റ് കൂടുന്നതിനനുസരിച്ച് അതിന്റെ വിലയും കൂടി വരും.

ഒരു നിലയ്ക്ക് നോക്കിയാൽ ഉപഭോക്താക്കൾ തന്നെയാണ്‌ ഏതൊരു സാധനത്തിന്റേയും വില കൂടാൻ പ്രധാന കാരണം. എല്ലാവർക്കും അവരാഗ്രഹിയ്ക്കുന്ന സാധനങ്ങൾ അവരാഗ്രഹിക്കുന്ന വിലയ്ക്ക് വേണം. അതൊരിയ്ക്കലും സാധ്യമല്ല. ആവശ്യക്കാർ നമ്മളായിരിക്കുന്നിടത്തോളം കാലം കച്ചവടക്കാർ നിശ്ചയിക്കുന്ന വില നല്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്‌. നമ്മൾ ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറല്ല. എല്ലാ നേട്ടങ്ങളും നമുക്ക് വേണം താനും.

ഉദാഹരണത്തിന്‌ പച്ചക്കറി വില കൂടുന്നു എന്ന് മുറവിളി നടത്തുന്ന നമ്മളിൽ എത്ര പേർ സ്വന്തമായി പച്ചക്കറി ഉല്പാദിപ്പിയ്ക്കാൻ തയ്യാറാണ്‌? അതില്ലാതിരിക്കുന്നിടത്തൊളം കാലം കച്ചവടക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നമ്മൾ പച്ചക്കറി വാങ്ങിയ്ക്കേണ്ടി വരും. അരിയുടെ കാര്യവും അങ്ങനെ തന്നെ. സ്വന്തമായി ഭൂമിയുള്ളവർ പോലും കൃഷി ചെയ്യാതിരിക്കുമ്പോഴാണ്‌ ആന്ധ്രയിൽ നിന്നും കർണാടകത്തിൽ നിന്നും വരുന്ന അരി നമ്മൾ ആഗ്രഹിക്കുന്ന വിലയ്ക്ക് തരണമെന്ന് നമ്മൾ ആവശ്യപ്പെടുന്നത്!

പാചകവാതകത്തിന്റേയും പെട്രോൾ ഡീസൽ തുടങ്ങിയവയുടേയും കാര്യത്തിലാണ്‌ ഇന്നിവിടെ ഏറ്റവും കൂടുതൽ വിവാദങ്ങൾ നടക്കുന്നത്. കമ്പനികൾ ഒരു പക്ഷേ കൊള്ള ലാഭം എടുക്കുന്നുണ്ടാവാം. എന്നാൽ നമ്മളിൽ എത്ര പേർ പാചകത്തിന്‌ വിറകടുപ്പോ, ബയോ-ഗ്യാസ് തുടങ്ങിയവയോ ഉപയോഗിയ്ക്കാൻ തയ്യാറാണ്‌? സ്വന്തമായി സ്ഥലവും വിറകും സമയവും ഉള്ളവർ കൂടി സൗകര്യത്തിന്റെ പേരും പറഞ്ഞ് പാചകവാതകം ഉപയോഗിയ്ക്കുകയാണ്‌. ഈ അവസ്ഥയിൽ എങ്ങനെയാണ്‌ അതിന്റെ വില കുറയുന്നത്? അതു പോലെ വളരെ കുറഞ്ഞ ദൂരത്തേയ്ക്ക് പോലും നടക്കാതെ വാഹനത്തെ ആശ്രയിക്കുന്ന നമ്മളല്ലേ യഥാർത്ഥത്തിൽ പെട്രോളിന്റേയും ഡീസലിന്റേയും വില കൂടാൻ കാരണക്കാർ? ഒരൊറ്റ ദിവസത്തേയ്ക്ക് ഒരാൾ പോലും വാഹനത്തിൽ നിന്നും ഇന്ധനം നിറയ്ക്കില്ല എന്ന് തീരുമാനിച്ചാൽ കമ്പനികൾക്ക് കോടി കണക്കിന്‌ രൂപയുടെ നഷ്ടം വരും. അങ്ങനെയൊരു തീരുമാനമെടുത്ത് സമരം നടത്താൻ തയ്യാറുണ്ടോ നമ്മൾ? (അതു പക്ഷേ തലേ ദിവസം തന്നെ സ്വന്തം വാഹനത്തിൽ ആവശ്യത്തിന്‌ ഇന്ധനം നിറച്ചതിനു ശേഷമാവരുത്.)

ഹോട്ടൽ ഭക്ഷണത്തിന്റെ വില ക്രമാതീതമായി കൂടുന്നു എന്ന് ഒരിയ്ക്കൽ ഒരു ചാനൽ ചർച്ചയുടെ വിഷയമായിരുന്നു. സംഗതി ശരിയായിരിയ്ക്കാം. എന്നു വച്ച് നമ്മൾ ആരെങ്കിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിയ്ക്കാതിരിക്കുമോ? ആവശ്യക്കാർ മാത്രമല്ല, കുടുംബമായി താമസിക്കുന്നവർക്ക് പോലൂം പലപ്പോഴും പുറത്ത് പോയി ഭക്ഷണം കഴിയ്ക്കുക എന്നത് ഒരു ഫാഷനാണിപ്പോൾ.

അതുപോലെ തന്നെ സ്വർണ്ണവിലയും. ദിനംപ്രതി വില കൂടുന്നുണ്ടെങ്കിലും സ്വർണ്ണക്കടകളിലെ തിരക്ക് കുറയുന്നുണ്ടെന്ന് തോന്നുന്നില്ല. വിവാഹകമ്പോളത്തിൽ സ്വർണ്ണത്തിന്‌ ഇപ്പോഴും വലിയ സ്ഥാനമാണുള്ളത്.

വളരെ ചുരുക്കം കാര്യങ്ങളിലേ ഇതിന്‌ അപവാദങ്ങളുള്ളൂ. വ്യക്തികൾക്ക് ഉത്പാദിപ്പിക്കാൻ സാധിക്കാത്തവയും അതേ സമയം അത്യന്താപേക്ഷിതവുമായ സാധനങ്ങളാണവ.  ഉദാഹരണത്തിന്‌, ജീവൻ രക്ഷാമരുന്നുകളുടെ വില ക്രമാതീതമായി ഉയരുന്നത് ആശങ്കയുണ്ടാക്കേണ്ട കാര്യമാണ്‌. പക്ഷേ ഇത്തരം കാര്യങ്ങൾ വളരെ കുറച്ചേ കാണുകയുള്ളൂ. മറ്റുള്ളവയെല്ലാം നമ്മൾ വിചാരിച്ചാൽ നിയന്ത്രിക്കാവുന്നതേയുള്ളൂ.

അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്നൊരു വാചകമുണ്ട്: നമ്മൾ സമ്മതിയ്ക്കാതെ നമ്മളെ ആർക്കും പറ്റിക്കാൻ സാധിക്കില്ല എന്ന്. വിലയുടെ കാര്യത്തിലും പരോക്ഷമായിട്ടെങ്കിലും നമ്മൾ ഉപഭോക്താക്കളുടേയും മൗനസമ്മതം കച്ചവടക്കാർക്കുണ്ട്.അതുകൊണ്ട് വില കൂടുന്നു എന്ന് പരാതി പറയാതെ അതിനെതിരെ നമ്മൾ ഉപഭോക്താക്കൾക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ്‌ നമ്മൾ അന്വേഷിക്കേണ്ടത്. ഉപഭോക്താക്കൾക്ക് വേണ്ടെങ്കിൽ പിന്നെ ഒരു സാധനത്തിന്റേയും വില കൂട്ടാൻ ഒരു കച്ചവടക്കാരൻ വിചാരിച്ചാലും സാധിക്കുകയില്ല. അഥവാ ആരെങ്കിലും വില കൂട്ടിയാൽ അത് അവർക്ക് തന്നെ ഭാരമാവുകയേ ഉള്ളൂ.

ദൈവവും പ്രേതവും ശാസ്ത്രത്തിലും !!

God Particle; Source: Google Images
ദൈവവും പ്രേതവുമൊന്നും ഇല്ലെന്നും അതെല്ലാം മനുഷ്യമനസ്സിന്റെ വെറും തോന്നലുകളാണെന്നും, ഇവിടെ മനുഷ്യരെ ചൂഷണം ചെയ്യുന്ന മതനേതാക്കളാണ്‌ ഇവയെല്ലാം ഉപയോഗിയ്ക്കുന്നതെന്നും ശാസ്ത്രത്തിന്റെ പേരിൽ പലരും വാദിയ്ക്കുന്നുണ്ട്. എന്നാൽ ഇതേ ശാസ്ത്രം തന്നെ പുതുതായി കണ്ടെത്തുന്ന കണികകൾക്ക് പേരിടുന്നത് 'ദൈവകണ'മെന്നും 'പ്രേതകണ'മെന്നുമൊക്കെയാണ്‌. 
Ghost Particle; Source: Google Images

ശാസ്ത്രവും തുടങ്ങിയോ മനുഷ്യനെ ചൂഷണം ചെയ്യാൻ !.

Monday, March 23, 2015

അച്ഛനും മകനും


ഞാനെന്‍റെ മകനെ കാണാൻ തുടങ്ങിയപ്പോഴാണ്‌,
അച്ഛനേയും കണ്ടു തുടങ്ങിയത്. 

അത്താഴപ്പട്ടിണി.


ഒന്നും രണ്ടും പറഞ്ഞ്,
പരസ്പരം ചെളിവാരിയെറിഞ്ഞ്,
ആ മണിമാളികയിൽ
അയാളും ഭാര്യയും അത്താഴപ്പട്ടിണി കിടന്നു.

അപ്പുറത്തെ ചെളിപിടിച്ച കൂരയിൽ,
കത്തുന്ന വയറിന്‍റെ ആളലാറ്റാൻ,
പരസ്പരം ഒന്നും രണ്ടും പറഞ്ഞ്,

അയാളും ഭാര്യയും അത്താഴപ്പട്ടിണി കിടന്നു.
കുറെ കാലത്തിനു ശേഷം ഒരു ബോധോദയം....... 
വീണ്ടും എഴുതി തുടങ്ങാന്‍....... ശ്രമിയ്ക്കുന്നു.........