Thursday, September 3, 2015

അമ്മയിറങ്ങിപ്പോയ വീട്

അടച്ചിട്ട പടിവാതിലുകള്‍,
പൊടിപിടിച്ച അടുക്കള, വാത്സല്യം വിളമ്പാത്ത ഊണുമേശ,
മാറാലകള്‍ നിറഞ്ഞ മുറികള്‍,
പങ്കുവയ്ക്കലില്ലാത്ത, ഒത്തുചേരലില്ലാത്ത, മുറിഞ്ഞ ബന്ധങ്ങള്‍,
മതിലുയര്‍ത്തിയ അയല്‍പക്കം,
മുറിപ്പെടുത്തുന്ന വാക്കുകള്‍,
മറന്ന പൊട്ടിച്ചിരികള്‍, കണ്ണീര്‍ പൊടിയുന്ന ഹൃദയങ്ങള്‍,
സ്നേഹം വറ്റി അണഞ്ഞ ദീപം,
പേടിപ്പിക്കുന്ന ഇരുട്ട്,
നിലച്ച സന്ധ്യാനാമം,
.............................................
..............................................

അമ്മയിറങ്ങിപ്പോയ വീട്.

Thursday, August 20, 2015

കാലമുരുളുന്നു..............

“The Only Thing That Is Constant Is Change -”

കുറെ വർഷങ്ങൾക്ക് ശേഷം ബാംഗ്ളൂർ എം.ജി. റോഡിൽ വരികയാണ്‌. മുൻപ് ഒറ്റയ്ക്കും കൂട്ടുകാരോടൊത്തും ചുറ്റി നടന്ന വഴികളിലൂടെ കുടുംബമൊത്തൊരു സഞ്ചാരം. ഞാനും ഭാര്യയും അഞ്ച് വയസ്സുള്ള മകനും, പിന്നെ അനിയനും അവന്റെ ഭാര്യയും ഉണ്ട്.  ഒരു ഗ്രാമപ്രദേശത്ത് ജനിച്ച് വളർന്ന് ഇവിടെയെത്തിയ എനിയ്ക്ക് ഇവിടുത്തെ കാഴ്ചകളിലൂടെ അന്ന് സമ്മാനിച്ച വിസ്മയം, പുതിയ കാഴ്ചകളിലൂടെ ഇന്നും വീഥി എനിയ്ക്ക് വേണ്ടി കരുതി വച്ചിട്ടുണ്ടായിരുന്നു.. പല കെട്ടിടങ്ങളും കണ്ടാലറിയാത്ത വിധം മാറിപ്പോയിട്ടുണ്ട്. ചെറുതായി മുഖം മിനുക്കിയവയും കൂട്ടത്തിലുണ്ട്. എന്നാൽ അതിനിടയ്ക്കും പഴയ പ്രതാപം വിളിച്ചു പറഞ്ഞ്, ഒട്ടും മാറാതെ നില്ക്കുന്ന ചില കെട്ടിടങ്ങളെങ്കിലും പരിചിത മുഖങ്ങളുടെ പുഞ്ചിരിയിലൂടെ ഗൃഹാതുരത്വം സമ്മാനിച്ചു. ഇതിനൊക്കെ പുറമെ, എം-ജി. റോഡെന്ന പഴയ പ്രൗഢവീഥിയുടെ ഏതാണ്ട് നടുക്കായി തലയുയർത്തി നില്ക്കുന്ന തൂണുകൾക്ക് മുകളിലെ പാതകളിലൂടെ പായുന്ന മെട്രോ ട്രെയിൻ കാഴ്ചകളിലെ പുതിയ വിസ്മയമായിരുന്നു......

കുറച്ചപ്പുറത്തുള്ള വിശ്വേശ്വരയ്യ മ്യൂസിയത്തിൽ 1-2 മണിക്കൂർ ചെലവഴിച്ച് ക്ഷീണിച്ചാണ് നടത്തം. ഉച്ചഭക്ഷണം കഴിയ്ക്കാൻ നേരം വൈകി. 5 വയസ്സുള്ള മകൻ തോളത്ത് തളർന്ന് കിടക്കുന്നു. മറ്റു കാഴ്ചകളൊന്നും അവനെ ആകർഷിക്കുന്നില്ലെങ്കിലും 1-2 തവണ അങ്ങോട്ടും ഇങ്ങോട്ടും ആകാശപാതയിലൂടെ പറന്ന ട്രെയിൻ അവനെ ആവേശഭരിതനാക്കി. അപ്പൊഴേ അവൻ പറഞ്ഞു എപ്പോഴെങ്കിലും നമുക്കതിൽ കയറണമെന്ന് (സാധാരണ ട്രെയിൻ യാത്ര തന്നെ അവനെ വളരെ ഇഷ്ടമുള്ള കാര്യമാണ്‌). ശരി എന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ച്, മുന്നോട്ട് നടന്നു. വർഷങ്ങൾക്ക് മുൻപ് ഇവിടെയുണ്ടായിരുന്ന ഒരു ഹോട്ടൽ അന്വേഷിച്ചാണ്നടത്തം.

Source: Google Images
അതിനിടയിൽ ഒരു .ടി.എം ബൂത്ത് കണ്ടപ്പോൾ ഒരു പഴയ കത്തിന്റെ കാര്യം ഓർമ്മ വന്നു. ആദ്യമായി ബംഗ്ളൂരിൽ വന്ന കാലത്ത് (2000-ത്തിൽ) വീട്ടിലേയ്ക്ക് അയച്ച ഒരു കത്ത്. ബാംഗ്ളൂർ വിശേഷങ്ങളുടെ കൂട്ടത്തിൽ ഒരു പ്രത്യേകതരം കാർഡ് അകത്തേയ്ക്കിട്ടാൽ പണം തരുന്ന ഒരു മെഷിനെ പറ്റി പ്രതിപാദിയ്ക്കുന്ന കത്ത് ഇപ്പോൾ അടുത്ത കാലത്ത് വീട് വൃത്തിയാക്കിയപ്പോൾ കിട്ടുകയുണ്ടായി.

Source: Google Images
ബാംഗ്ളൂരിലെ വെയിലിനു പോലും നല്ല ചൂടുണ്ടായിരുന്നു. അതിൽ നടന്ന് തളരുമ്പോഴും ഹോട്ടലിലെ ഊണിനെ പറ്റിയുള്ള ഓർമ്മ മുന്നോട്ട് നയിച്ചു. ഇലയിട്ട്, ആദ്യം രണ്ട് ചപ്പാത്തിയും അതിനുള്ള കറികളും വിളമ്പും. വിളമ്പലുകാർ ചുറ്റും നടക്കുന്നുണ്ടാവും. ചപ്പാത്തി കഴിയുമ്പോഴേയ്ക്കും വീണ്ടും ചപ്പാത്തി വരും. അങ്ങനെ ചപ്പാത്തി മതിയായാൽ പിന്നെ, ചോറും അതിനുള്ള കറികളും. അതും മതിയാവോളമായിരുന്നു. 5-8 വർഷം മുൻപു തന്നെ 50- 60- രൂപയുണ്ടായിരുന്നു എന്നാണ്ഓർമ്മ. വൈകുന്നേരങ്ങളിൽ ദോശയും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. തരുന്ന അളവിനേക്കാളുപരി സ്വാദും നന്നായിരുന്നു. നാരായണനോടൊപ്പവും(എന്റെ ഒരു നല്ല സുഹൃത്ത്) ഒറ്റയ്ക്കും അവിടെ പോയി ധാരാളം തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്.

Source: Google Images
ഹോട്ടലിന്റെ ബോർഡ്  (“ഹോട്ടൽ വൃന്ദാവൻ ) പഴയ സ്ഥാനത്തു തന്നെ ദൂരെ നിന്നും കണ്ടു. എന്നാൽ അടുത്തെത്തിയപ്പോൾ, അവിടെയ്ക്കുള്ള വഴിയിൽ വലിയൊരു മുള കുറുകെ കെട്ടിയിരിയ്ക്കുന്നത് കാണാൻ കഴിഞ്ഞു. അതിനടിയിലൂടെ കടന്നിട്ടാവണം, വഴിയിലാകെ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഏകദേശ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ , ഹോട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായി...... പക്ഷേ അതിന്റെ ബോർഡും മറ്റ് കാര്യങ്ങളെല്ലാം പഴയ പോലെ തന്നെയുണ്ട്. അടുത്തൊരു കടയിൽ അന്വേഷിച്ചപ്പോൾ ഉറപ്പായി - ഹോട്ടൽ അടച്ചുപോയിരിയ്ക്കുന്നു. അത് വിറ്റു പോയി എന്നാണ്അവർ പറഞ്ഞത്. വിശപ്പിന്റെ ക്ഷീണത്തേക്കാളേറെ, ഒരു സ്വപ്നം തകർന്ന വിഷമത്തിൽ തളർന്ന് പോയി.

നേരം ഒരുപാട് വൈകിയിരുന്നതിനാൽ ആലോചിച്ച് നില്ക്കാനൊന്നും സമയമില്ലായിരുന്നു. അവിടെ തൊട്ടടുത്ത് തന്നെ മറ്റൊരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടെന്ന് അടുത്തുള്ളവർ പറഞ്ഞു. അവിടെ പോയി ഭക്ഷണം കഴിക്കുകയേ നിവൃത്തിയുള്ളൂ. സുന്ദരമായ ഓർമ്മകൾക്ക് മേലെ, പുറത്ത് വരാത്ത ഒരു തുള്ളി കണ്ണുനീരർപ്പിച്ചു കൊണ്ട് അങ്ങോട്ട് നീങ്ങി. വീണുപോയ പൂക്കളുടെ ഓർമ്മകളേക്കാൾ വലുതാണല്ലൊ ഇവിടെയുള്ള മുള്ളുകളുടെ നിലനില്പിനുള്ള ത്വര.    

Source: Google Images
ഹോട്ടലിലിരുന്ന് ഭക്ഷണം കഴിയ്ക്കുമ്പോഴാണ്ട്രെയിൻ പോകുന്നത് വീണ്ടും ശ്രദ്ധിയ്ക്കുന്നത്. ഹോട്ടൽ ഒരു കെട്ടിടത്തിന്റെ 1-2 നില മുകളിലായിരുന്നതിനാൽ, ഇത്തവണ കാഴ്ച കുറച്ചു കൂടെ വ്യക്തമായിരുന്നു. കാഴ്ചയ്ക്ക് അതിനൊരു പുഴുവിന്റെ രൂപമുണ്ടായിരുന്നു. പെട്ടെന്നാണ്മറ്റൊരു കാര്യം ആലോചിച്ചത്. ഏതായാലും ഇന്ദിരാനഗർ വരെ പോകണം. യാത്ര മെട്രോ ട്രെയിനിലാക്കിയാൽ അതൊരു പുതിയ അനുഭവമാവും. ചിന്ത മനസ്സിലേയ്ക്ക് വന്ന സമയത്തിനും, അതിനിടം നല്കിയ ബോധത്തിനും നന്ദി പറഞ്ഞു കൊണ്ട് വേഗം ഊണ്കഴിഞ്ഞ് പുറത്തിറങ്ങി സ്റ്റേഷനിലേയ്ക്ക് നടന്നു. വെയിൽ അപ്പോഴും കത്തി നില്ക്കുന്നുണ്ടായിരുന്നുവെങ്കിലും നടത്തത്തീന്ക്ഷീണമുണ്ടായിരുന്നില്ല. ആവേശം ക്ഷീണത്തിനെ മറി കടക്കുന്ന സന്ദർഭങ്ങൾ പലപ്പോഴും ജീവിതത്തിലുണ്ടാവാറുണ്ടല്ലോ.

റോഡ് മുറിച്ചു കടന്ന് വേണം സ്റ്റേഷനിലെത്താൻ. അവിടെയൊക്കെ കാവലിന്സെക്യൂരിറ്റിയുണ്ട്. മുൻവാതിലിൽ വച്ചിട്ടുള്ള മെറ്റൽ ഡിറ്റക്റ്ററിലൂടെ വേണം അകത്ത് കടക്കാൻ. അതു കഴിഞ്ഞാൽ ചെറിയ രീതിയിലുള്ള ശരീര പരിശോധനയുമുണ്ട്. ഇത് ഇന്നത്തെ കാലത്തിന്റെ ശാപമാണ്‌. ആർക്കും ആരേയും വിശ്വസിക്കാനാവാത്ത ഒരു വല്ലാത്ത കാലം. നല്ലതും ചീത്തയും തിരിച്ചറിയാനാവാതെ, ശരികളും തെറ്റുകളും മനസ്സിലാക്കാനാവാതെ, എല്ലാറ്റിനേയും ഒരു സംശയ ദൃഷ്ടിയോടെ മാത്രം കാണാൻ നിർബന്ധിതമായ കാലം.

Source: Google Images
                                                                                                                                                 അകത്ത് കടന്നപ്പോൾ സൂചനാകുറിപ്പുകൾ (sign boards) ധാരാളമുണ്ട്. ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഇന്ദിരാനഗറിലേയ്ക്ക് ടിക്കറ്റ് എടുത്തു. 14 രൂപയാണ്ഒരാൾക്കുള്ള ചാർജ് (ബസ് ചാർജിൽ നിന്നും അധികം വ്യത്യാസമൊന്നുമില്ല). ചില്ലറ പൈസയുടെ രൂപത്തിലുള്ളതാണ്ടിക്കറ്റ്. ഓരോരുത്തർക്കും ഒരോ ടിക്കറ്റ് കിട്ടും. എന്തോ പ്രൊഗ്രാം ചെയ്ത ഒരുസ്മാർട്ട് ടിക്കറ്റ്ആണതെന്ന് ഏകദേശം മനസ്സിലായി. (സ്ഥിരം യാത്രക്കാർക്ക് സീസൺ ടിക്കറ്റു പോലെയുള്ള മറ്റു പല
Source: Google Images
സംവിധാനങ്ങളും ഉണ്ടെന്ന് അവിടെ എഴുതി വച്ചിരിക്കുന്നത് കണ്ടു). ടിക്കറ്റുകളുമായിഎൻട്രൻസ്എന്നെഴുതിയ സ്ഥലത്തു കൂടെ മറുഭാഗത്തേയ്ക്ക് പോകണം. അങ്ങനെ ഓരൊരുത്തർക്കായി കടന്ന് പോവാൻ, ടിക്കറ്റ് ഒരു പ്രത്യേക സ്ഥലത്ത് കാണിക്കുമ്പോൾ വഴി തുറക്കാനും മറ്റൊരാൾക്ക് കടക്കാൻ പറ്റുന്നതിനു മുൻപേ അടയ്ക്കാനും, ടോൾ ബൂത്തുകളിലുള്ളതു പോലെയുള്ള ഒരു സംവിധാനം ഉണ്ട്. അവിടേയും കാവലിനൊരാളെ കണ്ടു. നമ്മുടെ പല സംവിധാനങ്ങളും ഇങ്ങനെയാണ്‌. പല ഓട്ടോമാറ്റിക് സംവിധാനങ്ങളും ഉണ്ടെങ്കിലും അവിടെയൊക്കെ ഒരാളു കൂടി കാണും. അതു കൊണ്ട് നമുക്ക് ഇരട്ടി ചെലവുമാണ്‌. പല ഓഫിസുകളും കമ്പ്യൂട്ടർ വത്കരിച്ചെങ്കിലും കടലാസിലെ എഴുത്തുകുത്തുകൾ പൂർണമായി ഒഴിവാക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്നു തോന്നുന്നു. കടലാസിലും കമ്പ്യൂട്ടറിലും ഒരേ സമയം പണിയെടുക്കേണ്ട അവസ്ഥയിലാണ്പലപ്പോഴും. ഇത് നേരത്തെ പറഞ്ഞ വിശ്വാസത്തിന്റെ പ്രശ്നമാണ്‌. മനുഷ്യനേയായാലും യന്ത്രത്തിനെയായാലും പൂർണമായി വിശ്വസിക്കാൻ നമുക്കാവുന്നില്ല. അത്തരം ഒരു അവസ്ഥയിലെത്താൻ നമ്മൾ എത്ര ദൂരം പോകണമാവോ...  ...  പ്ലാറ്റ്ഫോം മുകളിലാണ്‌. അവിടെയെത്താൻ എസ്കലേറ്റർ സംവിധാനമുണ്ട്. ഒരോ 10 മിനുട്ട് കൂടുമ്പോഴും ട്രെയിൻ ഉണ്ടെന്ന് മനസ്സിലായി. 4 മണിക്കാണ്അടുത്ത ട്രിപ്പ്. അതിൽ പോകണം.
Source: Google Images

അവിടെയുള്ള മൊത്തം സംവിധാനങ്ങൾ ഒരു ചെറിയ വിമാനത്താവളത്തെ അനുസ്മരിപ്പിച്ചു. വിശാലമായതും വൃത്തിയുള്ളതുമായ സ്ഥലങ്ങളും മറ്റു സൗകര്യങ്ങളും. യാത്രക്കാരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റം. ഇതിനൊക്കെ പുറമെ മിയ്ക്കവാറും കണ്ണുകളിൽ കാണുന്ന വിസ്മയവും ഒരിത്തിരി പരിഭ്രമവും.

പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴുമതെ, വലിയ ബഹളമൊന്നുമില്ല. പലരും അവിടെയുള്ള ഇരിപ്പിടങ്ങളിൽ സ്വസ്ഥമായി ഇരിക്കുന്നുണ്ട്. ഞങ്ങൾക്ക് ഇരിക്കാൻ സ്ഥലം കിട്ടിയില്ല. ഇരിക്കേണ്ട ആവശ്യവുമില്ല-ട്രെയിൻ വരാൻ 5 മിനുട്ടിൽ കുറവ് സമയമേ ഉള്ളൂ. ട്രാക്കിനടുത്തേക്ക് അധികം പോവാതിരിയ്ക്കാൻ അവിടെയൊക്കെ മഞ്ഞ വരകൾ വരച്ചിട്ടുണ്ട്. കൂടാതെ ട്രാക്കിൽഹൈ വോൾട്ടേജ്മുന്നറിയിപ്പുകളുമുണ്ട്. ഇവിടെ ട്രാക്കിൽ തന്നെ ഉയർന്ന വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് തോന്നുന്നു - സാധാരണ വൈദ്യുതട്രെയിനിൽ (തീവണ്ടി എന്ന പേര്തന്നെ മാറ്റാറായിരിക്കുന്നു; പണ്ട് കല്ക്കരി കൊണ്ട് തീ കത്തിച്ച്, ഓടുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പേര്‌, ഡീസലിന്റേയും വൈദ്യുതിയുടെയും സഹായത്തോടെ ഓടുന്ന ഇന്നത്തെ വണ്ടിക്ക് ഒട്ടും ചേരുന്നില്ല!). മുകളിലെ വലിയ കമ്പികളിലൂടെയാണല്ലോ വൈദ്യുതി പ്രവഹിക്കുന്നത്. ഏതായാലും അതിനെ പറ്റി കൂടുതൽ അന്വേഷിയ്ക്കാൻ പോയില്ല. അതിനു മുൻപ് തന്നെ അങ്ങു ദൂരെ നിന്നും വണ്ടി വരുന്നത് കണ്ടു. ഇങ്ങോട്ടു വരുന്ന വണ്ടി രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ്വന്നത്. (അവിടേക്കുള്ള വഴി, താഴെ കണ്ടിരുന്നു. ട്രാക്കിനടിയിലൂടെയാണ് വഴി പോകുന്നതെന്ന് തോന്നുന്നു). എം.ജി. റോഡ് ഒരു അറ്റത്തെ സ്റ്റേഷൻ ആയതു കൊണ്ട്, വണ്ടി ഒരു ഭാഗത്ത് നിന്നും വന്ന്, മറുഭാഗത്ത് പോയി തിരിച്ചു വരണം. അങ്ങനെ തിരിച്ചു വന്ന വണ്ടി ഞങ്ങളുള്ള പ്ലാറ്റ്ഫോമിൽ വന്നു നിന്നു. വണ്ടി വരുമ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു - അതിന്റെ ഡ്രൈവർ (അങ്ങനെയാണാവോ വിളിക്കുന്നത്) ഒരു സ്ത്രീ ആയിരുന്നു. മെട്രോ ട്രെയിൻ തന്നെ പുതുമയായ ഞങ്ങൾക്ക്, ട്രെയിൻ ഓടിക്കുന്ന സ്ത്രീ മറ്റൊരദ്ഭുതമായിരുന്നു.
Source: Google Images

വണ്ടി വന്നു നിന്നപ്പോൾ ഞങ്ങളുടെ അടുത്ത് തന്നെയായി അതിന്റെ ഒരു വാതിൽ തുറന്നു. ഓട്ടോമാറ്റിക് ആയി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഒരു ഗ്ളാസ് വാതിലാണ് വണ്ടിയ്ക്കുള്ളത്. പ്ലാറ്റ്ഫോമിന്റെ ഉയരവും വണ്ടിയുടെ തറനിരപ്പും ഒന്നായതിനാൽ കയറാനും ഇറങ്ങാനും പ്രായമായവർക്ക് പോലും ബുദ്ധിമുട്ടുണ്ടാവില്ല. അകത്ത് കയറി, ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ ഞങ്ങൾ ഇരുന്നു. വണ്ടിയുടെ ഉൾവശവും വളരെ വൃത്തിയാക്കി വച്ചിരിക്കുന്നു. ഞങ്ങൾ കയറി 1-2 മിനുട്ടുകൾക്കുള്ളിൽ വാതിൽ തനിയെ അടഞ്ഞതിനു ശേഷം വണ്ടി പുറപ്പെട്ടു. പുറം കാഴ്ചകൾ കാണാൻ പാകത്തിൽ വലിയ ഗ്ലാസ്സുകൾ അതിലുണ്ട്. ഇപ്പോഴത്തെ സ്റ്റേഷനും, വരാൻ പോകുന്ന സ്റ്റേഷനും അവസാനത്തെ സ്റ്റേഷനും കാണിക്കുന്ന ഒരു എൽ.സി.ഡി അതിൽ കണ്ടു (ഞങ്ങൾക്കിറങ്ങേണ്ട ഇന്ദിരാനഗർ മൂന്നാമത്തെ സ്റ്റേഷനാണെന്ന് പുറത്ത് നിന്നു തന്നെ പലരോടും ചോദിച്ചു മനസ്സിലാക്കിയിരുന്നു). പിന്നെ, പൊതുവായതും സുരക്ഷക്കുള്ളതുമായ പല നിർദ്ദേശങ്ങളും കണ്ടു. അതിൽ പ്രത്യേകത തോന്നിയ ഒരെണ്ണം, ഭക്ഷണ സാധനങ്ങൾ വണ്ടിക്കകത്ത് ഉപയോഗിയ്ക്കാൻ പാടില്ല എന്ന നിർദ്ദേശമാണ്‌  വണ്ടി വൃത്തികേടാവാതിരിയ്ക്കാനാവും.

വലിയ കെട്ടിടങ്ങൾക്ക് കൈകൊടുത്തും താഴെയുള്ള ചെറിയ കെട്ടിടങ്ങളെ കൈ കാണിച്ചും മുന്നോട്ട് പോകുന്ന ആകാശയാത്ര വളരെ രസമായി തോന്നി. അധികമൊന്നും സമയമുണ്ടായില്ല. 2-3 മിനുട്ടുകൾക്കുള്ളിൽ അടുത്ത സ്റ്റേഷനായ ട്രിനിറ്റിയിൽ എത്തി. ഒരു വശത്തേക്ക് പോകുന്ന വണ്ടി ഒരു പ്ലാറ്റ്ഫോമിലും മറു വശത്തേക്ക് പോകുന്ന വണ്ടി മറ്റേ പ്ലറ്റ്ഫോമിലുമാണ്എപ്പോഴും എത്തുന്നതെന്ന് മൊത്തം സംവിധാനത്തിൽ നിന്നും മനസ്സിലായി. അവിടേയും വണ്ടി 1-2 മിനുട്ടുകൾ മാത്രമേ നിർത്തിയുള്ളൂ. കുറച്ചാളുകൾ ഇറങ്ങുകയും മറ്റു ചിലർ കയറുകയും ചെയ്തു. ജീവിതയാത്രയിൽ എവിടെനിന്നോ കയറി എവിടെയോ ഇറങ്ങിപ്പോകേണ്ടവരാണല്ലോ നമ്മളെല്ലാവരും..

കാശയാത്ര എല്ലാവരും ആസ്വദിക്കുന്നതായി തോന്നി. മേഘമാലകൾക്കപ്പുറത്തൊന്നും ആയിരുന്നില്ലെങ്കിലും കുമാരസംഭവത്തിലെആമേഖലാം സഞ്ചരതാം ഘനാനാംഎന്ന ശ്ലോകം മനസ്സിലേക്കോടി വന്നു. (ഹിമവാന്മേഘമാലകൾക്കപ്പുറത്ത് ഉയരമുള്ളതു കൊണ്ട്, മഴ കൊള്ളാതിരിയ്ക്കാൻ സിദ്ധന്മാർ കൊടുമുടികളിൽ കയറി ഇരിയ്ക്കാറുണ്ടത്രേ !). ബാംഗ്ളൂരിലെ ട്രാഫിക് മഴയിൽ നിന്നും ഹിമവാനും നമ്മളെ രക്ഷിക്കട്ടെ!.

Source: Google Images
അധിക സമയമൊന്നും വേണ്ടി വന്നില്ല, വണ്ടി അടുത്ത സ്റ്റേഷനായ അൾസൂരും കടന്ന് ഇന്ദിരാനഗറിലെത്താൻ. ബസ്സിലായിരുന്നെങ്കിൽ 30-40 മിനുട്ടെടുക്കുമായിരുന്ന ദൂരം വെറും 10 മിനുട്ടുകൾ കൊണ്ട് എത്തിയിരിക്കുന്നു. സമയലാഭത്തിനും അതേ സമയം ഇന്ധനലാഭത്തിനും കാരണമാവുന്ന ഇത്തരം പൊതു വാഹനങ്ങൾ (പബ്ളിക് ട്രാൻസ്പോർട്ട്) വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ബാംഗ്ളൂരു പോലെയുള്ള നഗരങ്ങളിൽ ദിവസേന ആയിരക്കണക്കിന്കാറുകളാണ്ഒറ്റ യാത്രക്കാരനേയും കൊണ്ടോടുന്നത്. ഇത്തരം കാറുകളുടേയും ബൈക്കുകളുടേയും എണ്ണം കുറയ്ക്കാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കും - രാജ്യത്തിനും, മനുഷ്യസമൂഹത്തിനും പ്രകൃതിയ്ക്കു തന്നേയും. പക്ഷേ അത്തരം യാത്രകൾ ഒഴിവാക്കാൻ പറയുന്നതിനു മുൻപ് മറ്റു നല്ല രീതിയിലുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കാൻ ഗവണ്മെന്റിന്ബാധ്യതയുണ്ട്. മെട്രോ ട്രെയിൻ അതിലേക്കുള്ള വലിയൊരു കാൽവെപ്പാണ്‌. ഇത് വലിയൊരു പരിധി വരെ റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും കാരണമാവും. അപ്പോൾ അത്യാവശ്യ യാത്രക്കാർക്കും ബസ്സ് പോലെയുള്ള വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാനാവും. ട്രാഫിക് ബ്ളോക്കുകളിൽ അലാറവും അടിച്ച് അകത്ത് രോഗിയെ കിടത്തി അനങ്ങാൻ പറ്റാതെ നില്ക്കുന്ന ആംബുലൻസുകൾ ബാംഗ്ലൂരിലെ സ്ഥിരം കാഴ്ചയാണ്‌. സമയനഷ്ടം കൊണ്ട് എത്ര വില പിടിച്ച ജീവിതങ്ങളാണ്പകുതി വഴിയ്ക്ക് യാത്രയവസാനിപ്പിച്ചിട്ടുണ്ടാവുക?

ഇന്ദിരാനഗർ സ്റ്റേഷനിൽ ഇറങ്ങി, പഴയ പോലെ തന്നെ സൂചനാകുറിപ്പുകളെ പിൻതുടർന്ന് ഞങ്ങൾ താഴെയെത്തി. അവിടെ പുറത്തേക്ക് കടക്കാനുള്ള വഴിയിൽ ഓരോരുത്തരായിടിക്കറ്റുകൾ നിക്ഷേപിക്കുമ്പോൾ മുൻപത്തെ പോലെ തന്നെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സംവിധാനമുണ്ട്. അതിലൂടെ വേണം പുറത്തിറങ്ങാൻ. നമ്മൾക്കിറങ്ങേണ്ട സ്റ്റേഷനിൽ അല്ലെങ്കിൽ സംവിധാനം തുറക്കാതിരിയ്ക്കുമോ ആവോ (അല്ലെങ്കിൽ ഏറ്റവും അടുത്ത സ്റ്റേഷനിലേയ്ക്ക് ടിക്കറ്റ് എടുത്ത് എവിടെ വേണമെങ്കിലും നമുക്ക് പോകാമല്ലോ).

         അങ്ങനെ പുറത്തെത്തിയപ്പോഴേയ്ക്കും കുതിച്ചു പായുന്ന കാലത്തെ ഓർമ്മിപ്പിച്ച് കൊണ്ട്, വണ്ടി ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ മുന്നോട്ട് പോയി കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ യാത്രയുടെ സുന്ദര നിമിഷങ്ങളെ താലോലിച്ച് കൊണ്ട്, ഞങ്ങൾ വീണ്ടും തിരക്കുള്ള റോഡിലേയ്ക്കിറങ്ങി.....