Wednesday, October 28, 2009

ചായ

കുട്ടികള്‍ പരീക്ഷ എഴുതികൊണ്ടിരിക്കുകയാണ്. പുറത്ത് ചുട്ടുപൊള്ളുന്ന വെയില്‍. ഒരു ഇല പോലും അനങ്ങുന്നില്ല. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചിട്ടു അധികം കാലമായിട്ടില്ല. കുട്ടികള്‍ വലിയ പ്രശ്നക്കാരല്ലത്തതുകൊണ്ട് പരീക്ഷ നടത്തിപ്പിനു വലിയ പ്രശ്നങ്ങളില്ല.

അപ്പോഴാണ്‌ ക്യാന്റീനിലെ കുട്ടി ചായയും ചെറിയ എന്തോ പലഹാരവുമായി വന്നത്. - പരീക്ഷ "ഇന്‍വിജിലേഷന്‍" ചായ. ഞാന്‍ നില്ക്കുന്ന ഹാളില്‍ വേറെ ആരും ഇല്ലാത്തതുകൊണ്ട് പുറത്ത് പോവാന്‍ പറ്റില്ല. അവിടെ നിന്നുകൊണ്ട്‌ തന്നെ അത് കഴിക്കണം.ഇത്രയും കുട്ടികള്‍ ഇരുന്നു പരീക്ഷ എഴുതുമ്പോള്‍ അവരുടെ മുന്‍പില്‍ വച്ചു ഞാന്‍ മാത്രം ചായ കുടിക്കുന്നതെങ്ങനെ?

കാലങ്ങള്‍ വകഞ്ഞ് മാറ്റിക്കൊണ്ട് ഓര്‍മ്മകള്‍ വികൃതികുട്ടികളെപ്പോലെ മനസ്സിലേക്ക് തള്ളിക്കയറി. ഞങ്ങളുടെ നാട്ടിന്പുറത്തുള്ള സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്ന സമയം. എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു.തത്ക്കാലം നമുക്കു അയാളെ സാജു എന്ന് വിളിക്കാം. സാജുവിന്റെ അമ്മ അവിടുത്തെ തന്നെ ടീച്ചര്‍ ആണ്.

എന്നും ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ കളിക്കുമ്പോള്‍ സാജുവിന്റെ അമ്മ അവനെ വിളിക്കും. കളി നിര്‍ത്തി സാജു ടീച്ചര്‍മാരുടെ മുറിയിലേക്ക് പോവും. ആദ്യമോന്നും കാര്യം മനസ്സിലായിരുന്നില്ല. പിന്നീടെപ്പൊഴോ മനസ്സിലായി അവന്‍ അവരുടെ കൂടെ ചായ കുടിക്കാനാണ് പോവുന്നതെന്ന്. അവന്‍ അവരുടെ കൂടെ ഇരുന്നു പാല്‍_ചായ കുടിക്കാറുണ്ടെന്നും.എന്റെ അമ്മ ഒരു ടീച്ചര്‍ അല്ലാത്തത്തിനു ഞാന്‍ ആദ്യമായി സങ്കടപ്പെട്ടത് അന്നാണ് (പല അവസരങ്ങളിലും പിന്നീട് പക്ഷെ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട് - അമ്മയ്ക്ക് എന്റെ കൂടെ കളിയ്ക്കാന്‍ ഒരുപാടു സമയം ഉണ്ടായിരുന്നുവല്ലോ).

ഒന്നു-രണ്ടു വര്‍ഷങ്ങക്ക് ശേഷം എനിക്കൊരു ചെറിയമ്മ വന്നു. ചെറിയമ്മ അവിടുത്തെ ടീച്ചര്‍ ആയി ജോലിക്ക് കയറി. ആദ്യ ദിവസത്തെ ഇന്റര്‍വെല്‍ സമയം.സാജുവിനെ അവന്റെ അമ്മ വിളിച്ച ഉടനെ എന്നെ ചെറിയമ്മ വിളിച്ചു. കുട്ടികള്‍ എല്ലാവരും പുറത്ത് പോയ ഒരു ക്ലാസ്സ്‌-റൂം തന്നെയാണ് ടീച്ചര്‍മാരുടെയും മുറി. അവിടെ ചെന്നപ്പോള്‍ എനിക്കായി ഒരു പാല്‍_ചായയും എന്തോ ഒരു പലഹാരവും വെച്ചിരിക്കുന്നു. സന്തോഷത്തോടെ അവിടെയിരുന്ന് അതൊക്കെ കഴിച്ചു. പിന്നീടെന്നും അത് തുടര്‍ന്നു.

ഇതിന്റെ മറ്റൊരു വശം ആലോചിക്കാനുള്ള ബുദ്ധിയോ പക്വതയൊ എനിക്ക് അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ അറിയുന്നു ഞാന്‍ ചെയ്തിരുന്നത് ഒരു മോശം കാര്യമായിരുന്നു എന്ന്. ആദ്യം സാജു ഒറ്റയ്ക്ക് പോയിരുന്നപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടതുപോലെ പിന്നീട് ഞങ്ങള്‍ രണ്ടു പേരും പോവാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരും സങ്കടപെട്ടിട്ടുണ്ടാവില്ലേ? അത് തിരിച്ചറിയാതെ ഞാന്‍ കുറച്ചെന്തോ വലിയവനായി എന്നുള്ള ഒരു അഹങ്കാരമായിരുന്നില്ലേ എന്റെ മനസ്സിലുണ്ടായിരുന്നത്? അന്ന് ആ പ്രായത്തില്‍ അത് തിരിച്ചറിയാന്‍ എനിക്ക് പറ്റിയില്ല.

ഇപ്പോള്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട് - കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഞാനും കഴിക്കാതിരിക്കാന്‍.

പരീക്ഷ എഴുതുന്ന കുട്ടികളുടെ മുന്‍പില്‍ വച്ചു അവര്ക്കു കൊടുക്കാതെ ഒന്നും കഴിക്കാന്‍ എന്റെ മനസ്സു അനുവദിക്കുന്നില്ല.........


ക്യാന്റീനിലെ കുട്ടി തിരിച്ചുപോയിരിക്കുന്നു...................................



3 comments:

  1. പാവം. ആര്‍ക്കോ വേണ്ടി തിളച്ച ചായ. അതിന്റെ മനസ്സാരു കാണാന്‍.

    പരീക്ഷ ഹാളിലെ ചായകുടി എന്നില്‍ ഒരിക്കലും കുറ്റബോധം ഉണ്ടാക്കിയിട്ടില്ല. ബോറടിയുടെ പരകോടിയില്‍ വെച്ചു കിട്ടുന്ന ഒരു ചെറിയ ഇളങ്കാറ്റ്. പക്ഷെ എന്റെ പഴയ കോളേജില്‍, (Bartonhill) ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പിലേക്കു നടന്നു പോകുന്ന കുട്ടികളെ ഓവര്‍ ടേക്ക് ചെയ്തു കാറോടിച്ചു പോകുമ്പോള്‍ ഇതുപോലൊരു വികാരം തോന്നിയിരുന്നു.

    ReplyDelete
  2. കുട്ടികളിലെ ഈ വികാരം ഒഴിവാക്കാനായിരിക്കാം, ഷൊര്‍ണൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ “ഇന്‍വിജിലേഷന്‍ ചായ” ഇല്ലാത്തത്..... പക്ഷെ, പകരം “എക്സാം ഡ്യൂട്ടി ചായ” എന്ന മറ്റൊരു പേരില്‍ ഒരു ചായ ഉണ്ടുതാനും.... പക്ഷെ, അത് പരീക്ഷാഹാളില്‍ കൊണ്ടുവരില്ല........... അവിടെ പരീക്ഷയുള്ള ദിവസങ്ങളില്‍ “ടീ ഷോപ്പി“ല്‍ പോയി ആ ദിവസം ഏത് സമയത്തും ഒരു ചായ (“എക്സാം ഡ്യൂട്ടി ചായ“) കുടിക്കാം....... പരീക്ഷാ ഹാളില്‍ ഒന്നിക്കൂടുതല്‍ ആളുകള്‍ ഉണ്ടാകുകയും ചെയ്യും....അപ്പോള്‍ ചായ വേണ്ടവര്‍ക്കെല്ലാം പരീക്ഷക്കിടയില്‍ പോയി കുടിക്കാം...... ഇനി അത് ഇല്ലെങ്കില്‍ പോലും, പരീക്ഷ കഴിഞ്ഞോ, അല്ലെങ്കില്‍ പകരം ആളെ നിര്‍ത്തിയോ ഈ “എക്സാം ഡ്യൂട്ടി ചായ” കുടിക്കാം....... :)

    ReplyDelete
  3. ഞാന്‍ പ്രൈമറി സ്കൂളില്‍ പോയത് അമ്മ പഠിപ്പിച്ച സ്കൂളില്‍ ആയിരുന്നു...എല്ലാ ദിവസവും ഇന്റര്‍വെല്‍ സമയത്ത് അമ്മ ഓര്‍ഡര്‍ ചെയ്ത ചായയും ഒരു പാക്കറ്റ് ബിസ്ക്കറ്റും എനിക്ക് വേണ്ടി സ്കൂളിലെ സ്റ്റോര്‍ റൂമില്‍ കാത്തിരിക്കുമായിരുന്നു...ഒരു ചമ്മല്‍ ഉണ്ടാകുമായിരുന്നെന്കിലും വിശന്നു തളരുമ്പോള്‍ ആ ചായയും കടിയും ഒരു ആശ്വാസമായിരുന്നു...

    ReplyDelete