Friday, May 1, 2015

എഞ്ചിനീയർ

കുറെ നേരത്തെ അദ്ധ്വാനത്തിനു ശേഷം ലാബിൽ നിന്നും പുറത്ത് വന്നപ്പോഴാണ്‌ ഒരു മഴ പെയ്തു തോർന്ന വിവരം അറിയുന്നത്. ഡിപ്പാർട്മെന്റിന്റെ പുറത്ത് അങ്ങിങ്ങായി വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ലക്ഷണം കണ്ടിട്ട് മോശമില്ലാത്ത മഴയായിരുന്നു എന്ന് തോന്നുന്നു. കനത്ത വേനലിലെ ഈ മഴ ഭൂമിയെ ഒന്ന് നന്നായി തണുപ്പിച്ചിട്ടുണ്ട്.

ലാബിലെ ഒരു ചെറിയ ഇടവേളയിൽ ഉണ്ടായ ഒരു സംഭവം ഇപ്പോഴും മനസ്സിൽ നില്ക്കുന്നു. ലാബിലെ എല്ലാവരോടുമായി സർ (എന്റെ Ph.D Guide) ഒരു ചോദ്യം ചോദിച്ചു ഈ ലാബിന്റെ ടോട്ടൽ ഏരിയ എത്രയാണ്‌?” ലാബിൽ  ടൈൽസ് വിരിയ്ക്കാൻ ഏകദേശം എത്ര ചെലവ് വരുമെന്ന് കണക്കാക്കാനാണ്‌“. ആർക്കും ഒറ്റ നോട്ടത്തിൽ പറയാൻ സാധിച്ചില്ല. നീളവും വീതിയുമൊന്നും അളന്ന് കണ്ട് പിടിയ്ക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. പെട്ടെന്ന് അവിടേയ്ക്ക് കടന്ന് വന്ന ഒരു സാധാരണ പണിക്കാരൻ ഒന്ന് വിശദമായി നോക്കിയിട്ട് ഏകദേശം വിസ്തീണവും അവിടെ ടൈൽസ് വിരിയ്ക്കാനുള്ള ഏകദേശ ചെലവും കണക്ക് കൂട്ടി പറഞ്ഞു. 

മഴ പെയ്തു തോർന്നിട്ടും തോരാതെ നില്ക്കുന്ന മരങ്ങൾക്കടിയിലൂടെ നടക്കുമ്പോൾ മനസ്സിലേയ്ക്ക് ഓർമ്മകൾ ഇറ്റിറ്റു വീണു. ഏകദേശം 10-15 വർഷങ്ങൾക്ക് മുൻപ്, ഞാൻ ബി.ടെക്കിന്‌ പഠിയ്ക്കുന്ന സമയം. വീട്ടിൽ കൃഷി ആവശ്യത്തിന്‌ ഉപയോഗിയ്ക്കുന്ന മോട്ടോർ കേട് വന്നു. മുത്തച്ഛന്‌ കൃഷി വലിയ താത്പര്യമുള്ള കാര്യമായിരുന്നു. അതു കൊണ്ട് തന്നെ മോട്ടോർ നേരെയാക്കാനും മുത്തച്ഛൻ തന്നെ മുൻകയ്യെടുത്തു. മുത്തച്ഛന്റെ സ്ഥിരം മെക്കാനിക്കായ സെയ്ത്ക്കയെ വിളിയ്ക്കാൻ ഞാനാണ്‌ പോയത്. മണ്ണുകൊണ്ടുണ്ടാക്കിയ ചുമരും ഓല മേഞ്ഞ മേല്ക്കൂരയും ഉള്ള ആ വീട്ടിൽ നിന്നും കീറിപ്പറിഞ്ഞ ഒരു സഞ്ചിയിൽ പണിയായുധങ്ങളുമെടുത്ത് സെയ്ത്ക്ക നടന്നു. ലുങ്കിയും ഷർട്ടും ഒരു തലേക്കെട്ടുമായി നടന്നു വരുന്ന ആ കൃശഗാത്രരൂപം ഇപ്പോഴും മനസ്സിലുണ്ട്. 

വീട്ടിലെത്തിയ ഉടനെ തന്നെ മോട്ടോറിനടുത്തേയ്ക്ക്. സ്വിച്ച് ഓൺ ചെയ്ത് കുറച്ച് നേരം ശ്രദ്ധിച്ച് നിന്നു. പെട്ടെന്ന് എന്നോട് കുട്ട്യേ അത് ഓഫ് ചെയ്തോളൂഎന്ന് പറഞ്ഞ് മോട്ടോർ നേരെയാക്കാനിരുന്നു. ഇതിനൊക്കെ സാക്ഷിയായി മുത്തച്ഛനും അടുത്തുണ്ടായിരുന്നു. പിന്നെ, പണിക്കിടയിൽ അവർ തമ്മിൽ വീട്ടുവർത്തമാനങ്ങളും നാട്ടുവർത്തമാനങ്ങളുമൊക്കെയായി. ഒന്ന് രണ്ട് തവണ രണ്ട് പേരും കൂടി വെറ്റില മുറുക്കും.

അതിനിടയിലെപ്പോഴോ ആണ്‌ സെയ്ത്ക്ക എന്റെ പഠിത്തത്തെപ്പറ്റി ചോദിച്ചത്. എഞ്ചിനീയറിംഗിനാണ്‌ എന്ന് പറഞ്ഞപ്പോൾ, ഒരു തമാശയും - അപ്പൊ കുട്ടീടെ പഠിത്തം കഴിഞ്ഞാൽ ഇഞ്ചൻ (മോട്ടോറിന്റെ നാട്ടുഭാഷ) നന്നാക്കാൻ സെയ്ത് വരണ്ടി വര്‌ല്യാ ലേ”. ഞാനും മുത്തച്ഛനും അത് കേട്ട് ചിരിച്ചതേ ഉള്ളൂ.

എല്ലാം കഴിഞ്ഞ് മോട്ടോർ ഓണാക്കിയപ്പോൾ, ചാടുന്ന വെള്ളത്തിൽ തന്നെ കയ്യും കാലും മുഖവുമൊക്കെ കഴുകി വൃത്തിയാക്കി. മുത്തച്ഛൻ കൃഷിയിടത്തിലേയ്ക്കും ഞാൻ മറ്റെന്തോ കാര്യത്തിനും പോയി. സെയ്ത്ക്ക പിന്നെയും കുറേ നേരം അവിടെ തന്നെ നിന്ന് മുത്തച്ഛനുമായി പല വർത്തമാനങ്ങളും പറഞ്ഞാണ്‌ മടങ്ങിയത്.

നിലക്കാത്ത ജലപ്രവാഹം പോലെ കലങ്ങിയും തെളിഞ്ഞും കാലം ഒഴുകിപ്പോയി. എന്റെ എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞു. ജോലിയായി. മുത്തച്ഛനും സെയ്ത്ക്കയും ഏതോ തീരങ്ങളിൽ യാത്രയവസാനിപ്പിച്ച് ഇറങ്ങിപ്പോയി.. എല്ലാ ഓർമ്മകളും പേറി, കൃഷിയില്ലെങ്കിലും ആ മോട്ടോർ ഇപ്പോഴും വെള്ളം പമ്പ് ചെയ്തുകൊണ്ടേയിരിക്കുന്നു..... പലപ്പോഴും അത് കേടാകാറുണ്ട്... എന്നാൽ അത് നേരെയാക്കാൻ ഇന്നും (എഞ്ചിനീയറിംഗ്, ബിരുദാനന്തരബിരുദം എന്നിവ കഴിഞ്ഞ് ഇപ്പോള്‍ ഞാന്‍ ഗവേഷണത്തിലാണ് ! )എനിയ്ക്കറിഞ്ഞുകൂടാ.... അതെന്നല്ല... വീട്ടിലെ ഒരു ഉപകരണവും കേടു വന്നാൽ നേരെയാക്കാൻ എനിയ്ക്കറിഞ്ഞുകൂടാ....

Source: Google Images
Source: Google Images

എന്തോ ശബ്ദം ചിന്തകളിൽ നിന്നുമുണർത്തി. നോക്കിയപ്പോൾ കാമ്പസ്സിലെ സൈക്കിൾ റിപ്പയറിംഗ് ഷോപ്പിനടുത്തെത്തിയിരിക്കുന്നു. അവിടെ നിന്നാണ്‌ ശബ്ദം കേട്ടത്. നടന്ന് തുടങ്ങിയിട്ട് കുറെ സമയമായതു പോലെ. ലാബിൽ നിന്നും ഈ ഷോപ്പിലേയ്ക്ക് ഇത്രയ്ക്കുണ്ടോ ദൂരം?



No comments:

Post a Comment