Tuesday, April 21, 2015

സുരക്ഷയില്ലാത്ത കളികൾ


     2015 മാർച്ച് 27-ന്‌ എന്റെ ഒരു സഹോദരൻ (ചെറിയച്ഛന്റെ മകൻ) ഒരു അപകടത്തിൽ മരിച്ചു. നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് അവിടെ സംഘടിപ്പിച്ച ഒരു കാർണിവൽ ഷോയിൽ റിവോൾവിങ്ങ് ചെയർഎന്ന റൈഡിൽ നിന്നാണ്‌ അപകടമുണ്ടായത്. കുറേയധികം കറങ്ങുന്ന കസേരകൾ ഒരു കറങ്ങുന്ന പ്രതലത്തിൽ ഉറപ്പിച്ചതാണ്‌ റിവോൾവിങ്ങ് ചെയറിന്റെ പൊതുവായ രൂപം. പല രീതിയിലും വേഗത്തിലും കസേരകളും അവയുറപ്പിച്ച പ്രതലവുമൊക്കെ കറങ്ങും. അതുകൊണ്ടുതന്നെ അത് എങ്ങനെയൊക്കെ കറങ്ങും എന്നതിനെപ്പറ്റി അതിൽ ഇരിക്കുന്നവർക്ക് യാതൊരു മുൻധാരണയും ഉണ്ടാവും എന്ന് തോന്നുന്നില്ല. ബാലൻസ് പോവാതെ പിടിച്ചിരിക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. അങ്ങനെയൊരു കസേരയിൽ ഇരിക്കുമ്പോൾ എങ്ങനെയോ അവന്റെ ബാലൻസ് പോവുകയും (അങ്ങനെ ഞങ്ങൾ കരുതുന്നു), അവൻ ഒരു വശത്തേക്ക് ചെരിയുകയും ചെയ്തു. അപ്പോൾ തൊട്ടപ്പുറത്തെ കസേര അവന്റെ പിൻകഴുത്തിൽ ശക്തിയായി വന്നിടിക്കുകയും അവൻ തത്ക്ഷണം മരിക്കുകയുമാണ്‌ ഉണ്ടായത്. 

    ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങൾക്കറിയാൻ കഴിഞ്ഞ വിവരങ്ങൾ പേടിപ്പിക്കുന്നവയാണ്‌. ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ, അവരുടെ ഉത്സവാവേശങ്ങളെ പരമാവധി മുതലെടുത്ത്, പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ്‌ ഇത്തരം വിനോദപ്രകടനങ്ങളുടെ നടത്തിപ്പുകാർക്കുള്ളത്. അതിന്‌ ഇവിടുത്തെ അധികാരികളും ഒരു പരിധി വരെ കൂട്ട് നില്ക്കുന്നുണ്ടെന്നും സംശയിക്കാവുന്നതാണ്‌. ശക്തമായ നിയമസംവിധാനത്തിന്റെ അഭാവവും ഇവർക്ക് കൂട്ടാവുന്നുണ്ട്.

Source:Google Images
ഞങ്ങളുടെ നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നവയാണ്‌. (സുരക്ഷാമേഖയിൽ ഉന്നതസ്ഥാനത്തുള്ള പലരും ഇവ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്)
  1. ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങളില്ലാതെയാണ്‌ ആ യന്ത്രം പ്രവർത്തിപ്പിച്ചിരുന്നത്.
    1. ആകെയുണ്ടായിരുന്ന ഒരു സുരക്ഷ, അങ്ങോട്ടുമിങ്ങോട്ടും നീക്കാവുന്ന ഒരു ലോഹദണ്ഡായിരുന്നു. കയറി ഇരുന്നു കഴിഞ്ഞാൽ നമ്മൾ തന്നെ നമ്മുടെ അടുത്തേക്ക് പിടിച്ചിടുകയും അത് മുറുക്കി പിടിച്ചിരിക്കുകയും വേണം. വിട്ടു പോവാതിരിക്കാൻ പൂട്ടോ മറ്റ് കാര്യങ്ങളോ ഇല്ലായിരുന്നു.
    2. വശങ്ങളിലേക്ക് വീഴുന്നത് തടയാൻ പര്യാപ്തമായ ഉയരം കസേരകളുടെ വശങ്ങൾക്കില്ലായിരുന്നു.
    3. ഹെൽമെറ്റ്, ജാക്കറ്റ് തുടങ്ങിയ യാതൊരു സുരക്ഷാ ഉപകരണങ്ങളും അതിൽ കയറുന്നവർക്ക് കൊടുത്തിരുന്നില്ല.
    4. സുരക്ഷാമാനദണ്ഡങ്ങളെപ്പറ്റിയുള്ള യാതൊരു മുന്നറിയിപ്പും എവിടേയും പ്രദർശിപ്പിച്ചിട്ടില്ലായിരുന്നു
  2. കേരളത്തിൽ അവധി, ഉത്സവ കാലങ്ങളായതിനാൽ ഇത്തരം ഒരുപാട് വിനോദോപാധികൾ പലയിടങ്ങളിലും താത്കാലികമായി തട്ടിക്കൂട്ടുന്നുണ്ട്. കുട്ടികളടക്കമുള്ള ഒരുപാടാളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നുമുണ്ട്.
  3. മിക്കവാറും സ്ഥലങ്ങളിൽ പരിശീലനം ലഭിക്കാത്ത അവിദഗ്ദ്ധ തൊഴിലാളികളാണ്‌ ഇവ പ്രവർത്തിപ്പിക്കുന്നത്.
  4. ശരിയായ ഇൻഷുറൻസ് പരിരക്ഷ പോലും എടുക്കാൻ ഉടമസ്ഥൻമാർ തയ്യാറാവുന്നില്ലെന്നാണ്‌ അറിയാൻ കഴിഞ്ഞത്. ഇവിടെ തന്നെ, ഈ അപകടത്തിന്‌ രണ്ട് ദിവസം മുൻപ് മറ്റൊരു ഉപകരണത്തിലുണ്ടായ ഒരു ചെറിയ അപകടത്തിന്റെ പേരിൽ പോലീസ് നിർബന്ധിച്ചതുകൊണ്ടാണ്‌ ഇൻഷുറൻസ് പരിരക്ഷ  എടുത്തതെന്നാണ്‌ മനസ്സിലാക്കുന്നത്.
  5. അതുപോലെ തന്നെ ഉപകരണങ്ങളുടെ ഫിറ്റ്നസ്സിലും ശ്രദ്ധിക്കുന്നില്ലെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
  6. ഇത്തരം പ്രകടനങ്ങൾക്ക് അനുവാദം കൊടുക്കേണ്ട അധികാരികള്‍ (മുനിസിപ്പാലിറ്റി തുടങ്ങിയവർ) മേൽ പറഞ്ഞ തരത്തിലുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, തെറ്റായ മാർഗ്ഗങ്ങളിലൂടെയാണ്‌ അനുവാദം കൊടുക്കുന്നതെന്നും കേൾക്കുന്നു.
  7. ഇത്തരം പ്രകടനങ്ങളുടെ ഉടമസ്ഥാവകാശം മൊത്തത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്‌. ഉദാഹരണമായി, ഈ പ്രത്യേക പരിപാടിയിൽ മൊത്തം മൂന്ന് ഇനങ്ങളുണ്ട്. അവ മൂന്നും ബീഹാർ, ബംഗാൾ, മറ്റേതോ ഉത്തരേന്ത്യൻ സംസ്ഥാനം എന്നിവിടങ്ങളിലെ ആരുടേയൊക്കെയോ ആണ്‌. അവരിൽ നിന്നും ഇവ പ്രത്യേകമായി വാടകക്കെടുത്ത് ഇവിടെയൊരാൾ ഒറ്റ പരിപാടി ആയി  നടത്തുന്നു. ഇനി, അമ്പലപ്പറമ്പ് മറ്റൊരാൾ വാടകക്കെടുത്ത്, ഷോ നടത്താൻ ഇയാളെ ഏല്പ്പിക്കുന്നു. അവിടെ ഇതെല്ലാം പ്രവർത്തിപ്പിക്കുന്നതാവട്ടെ, മറ്റേതോ തൊഴിലാളികളും. എന്തെങ്കിലും പ്രശ്നം വന്നാൽ, ഇതിൽ ആര്‌ ഉത്തരവാദിയാവും ?

ഇതെല്ലാം കാണിക്കുന്നത് ഈ രംഗത്ത് നിലനില്ക്കുന്ന വളരെ വലിയ ഒരു അപകടസ്ഥിതിയാണ്‌.  പൊതുജനങ്ങളുടേയും അധികാരികളുടേയും ശ്രദ്ധ ഈ കാര്യത്തിൽ അടിയന്തിരമായി പതിഞ്ഞില്ലെങ്കിൽ അപകടങ്ങളും ജീവഹാനികളും ഇനിയുമൊരുപാടുണ്ടാവും. അതൊഴിവാക്കാനുള്ള ശ്രമങ്ങളാണ്‌ ഞങ്ങൾക്ക് അവനു വേണ്ടി അർപ്പിക്കാനുള്ള കണ്ണീർപ്പൂക്കൾ

No comments:

Post a Comment