ഇന്നത്തെ ഒരു പത്രത്തിൽ വന്ന ഒരു വാർത്തയാണ് ചിത്രത്തില്‍. സിഡ്നിയിലെ ഒരു അമ്മ ആറ് വയസ്സുള്ള
തന്റെ മകൾക്ക് ഇപ്പോഴും മുലപ്പാൽ കൊടുക്കുന്നുണ്ടെന്ന സുന്ദരമായ ഒരു വാർത്തയാണത്. ആ
വാർത്ത സത്യമാവട്ടെ എന്ന് ഞാൻ ആശിക്കുന്നു. അഞ്ച് വയസ്സിനു മുകളിൽ പ്രായമാവുന്നത്
വരെ ആ സ്നേഹാമൃതം നുകർന്നതിന്റെ മാധുര്യമുള്ള ഓർമ്മകൾ എന്റെ മനസ്സിലേയ്ക്ക്
കിനിഞ്ഞിറങ്ങി. അതോടൊപ്പം ഏകദേശം ഒരു വർഷം മുൻപുണ്ടായ മറ്റൊരു സംഭവവും.
എന്റെ
മകന് അന്ന് അഞ്ച് വയസ്സ് പ്രായമാണ്. അവൻ അപ്പോഴും അമ്മയുടെ പാൽ
കുടിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരു ദിവസം, അടുക്കളയിൽ എന്തോ പലഹാരപ്പണിയിലായിരുന്ന അമ്മയും അവനും
കുഞ്ഞുവർത്തമാനങ്ങളുമായി ഇരിയ്ക്കുന്ന സമയം: അമ്മ തരുന്ന ഏത് ഭക്ഷണമാണ് നിനക്കിഷ്ടമെന്ന
ചോദ്യത്തിന് അവൻ ഉത്തരം പറഞ്ഞത് വാക്കുകൾ കൊണ്ടല്ല; ഒരു നിമിഷം പോലും
ആലോചിയ്ക്കാതെ അമ്മയുടെ സ്നേഹം നിറഞ്ഞ നെഞ്ചിലേയ്ക്ക് കൈ ചൂണ്ടികൊണ്ടായിരുന്നു.
No comments:
Post a Comment