Wednesday, April 15, 2015

വിഷു

വിഷു ഒരു വലിയ പ്രതീക്ഷയാണ്‌. ഇന്നലെ വരെ കഴിഞ്ഞതിന്റെയൊക്കെ അപ്പുറത്ത് ഒരു വലിയ ഐശ്വര്യം നമുക്ക് വേണ്ടി കാലം കാത്ത് വച്ചിരിക്കുന്നു എന്ന പ്രതീക്ഷ. അതിലേയ്ക്കാണ്ഓരോ മലയാളിയും വിഷുപ്പുലരിയിൽ കണി കണ്ടുണരുന്നത്.

ഏത് ധൂസരസങ്കല്പത്തിൽ വളർന്നാലും
ഏത് യന്ത്രവല്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും..... (വൈലോപ്പിള്ളി)
                                                                              എന്നതും നമ്മളൊർക്കുന്നു.

അതുകൊണ്ടൊക്കെയാണ്‌, ലോകത്തിന്റെ ഏത് കോണിലായിരുന്നാലും ഓരോ മലയാളിയും വിഷു ആഘോഷിക്കുന്നത്.

          ഇങ്ങനെയൊക്കെ ആഘോഷിക്കുന്നുണ്ടെങ്കിലും, മറ്റു പലതിലുമെന്ന പോലെ ഇവിടേയും യഥാർത്ഥ അന്ത:സത്ത നഷ്ടപ്പെട്ട്ടു പോകുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വിഷു ഉൾപ്പടെയുള്ള, മിയ്ക്കവാറും ഉത്സവാഘോഷങ്ങളും നമ്മുടെ സമൃദ്ധമായ കാർഷിക സംസ്കാരവുമായി വളരെയേറെ ബന്ധപ്പെട്ടിരിയ്ക്കുന്നു. അതുകൊണ്ടായിരിക്കണമല്ലോ വെള്ളരിയും ചക്കയും മാങ്ങയുമൊക്കെ നമ്മുടെ വിശുദ്ധകണിയായി മാറിയത്. വിത്തും കൈക്കോട്ടുമായി മണ്ണിലേയ്ക്കിറങ്ങാൻ നമ്മോട് ആഹ്വാനം ചെയ്യുന്ന പക്ഷി വിഷുവിന്റെ പ്രതീകമായി മാറിയതും.

          എന്നാൽ ഇന്നത്തെ ആഘോഷ കോലാഹലങ്ങൾക്കിടയ്ക്ക് നമ്മൾ പക്ഷിയുടെ പാട്ട് കേൾക്കാതെ പോകുന്നു. നമ്മൾ ഇന്ന്കണിയൊരുക്കുന്നത് ചന്തയിൽ നിന്നും വാങ്ങിയ വിഷം കലർന്ന വെള്ളരിയും മാങ്ങയും ഉപയോഗിച്ചാണ്‌. കൊന്നപ്പൂവും ഭക്ഷണം കഴിയ്ക്കാനുള്ള വാഴയിലയും വരെ കടകളിൽ ലഭ്യമാണ്‌. അഥവാ അവിടെ മാത്രമേ ഉള്ളൂ. അവർ പറയുന്ന വില കൊടുത്ത് വാങ്ങിയാലേ മലയാളിയ്ക്ക് ഇന്ന് വിഷു ആഘോഷിയ്ക്കാൻ പറ്റൂ.

Source: Google Images
        ഇത് വിഷുവിന്റെ മാത്രം കാര്യമല്ല. നമ്മുടെ മിയ്ക്കവാറും എല്ലാ ആചാരങ്ങളുടേയും കാര്യം ഇതു തന്നെയാണ്‌. മലയാളിയുടെ ഏറ്റവും വലിയ ഐശ്വര്യത്തിന്റെ പ്രതീകം നിറപറയും നിലവിളക്കുമാണ്‌. പറയിൽ നിറയ്ക്കാനുള്ള നെല്ല് പണം കൊടുത്ത് വാങ്ങിയ്ക്കണം (പലപ്പോഴും പറയും അതിൽ നിറയ്ക്കാനുള്ള നെല്ലും വാടകയ്ക്കെടുക്കുകയാണ്പതിവ്). ഓണത്തിന്പൂക്കളമിടാനുള്ള പൂവ് അന്യദേശത്ത് നിന്നും വരണം. ഉദാഹരണങ്ങൾ നിരവധിയാണ്‌.
Source:Google Images

     ഇതിന്റെ ഒരു പ്രധാന കാരണം, ഇവയിൽ പലതും ഇപ്പോൾ വെറും ആചാരങ്ങളോ ആഘോഷങ്ങളോ ആയി മാറിയിരിക്കുന്നു എന്നുള്ളതാണ്‌. ശ്രദ്ധിച്ചാൽ നമുക്ക് ഒരു കാര്യം വ്യക്തമാവും. ഇവിടെയൊക്കെ നമ്മളുപയോഗിക്കുന്ന പലതും പണ്ട് നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ്‌. അതു കൊണ്ട് തന്നെ അവർക്ക് ഇത്തരം ആചാരങ്ങളെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവില്ല. എന്നാൾ ഇന്നോ... നമ്മുടെ നിത്യജീവിതവും, ഇത്തരം ആചാരങ്ങളും വ്യത്യസ്ത വഴികളിലൂടെയാണ്സഞ്ചരിക്കുന്നത്. അതു കൊണ്ട് തന്നെ, നമ്മൾ ഇതൊക്കെ ആചരിക്കാൻ വേണ്ടി ആചരിക്കുകയും ആഘോഷിക്കാൻ വേണ്ടി ആഘോഷിക്കുകയുമാണ്‌. അപ്പോള്‍ നമുക്ക് ഇവയുടെയൊക്കെ യഥാർത്ഥ അന്ത:സത്ത ഉൾക്കൊള്ളാൻ പറ്റാതെയാവുന്നുആചാരങ്ങളുടെ അന്ത:സത്ത നഷ്ടപ്പെടുമ്പോൾ അവ അനാചാരങ്ങളായി മാറുന്നു.



      വിഷുവും ഓണവുമൊക്കെ വരും തലമുറയ്ക്ക് വെറും അനാചാരങ്ങളായി മാറാതിരിയ്ക്കാൻ, നമ്മുടെ കാർഷിക സംസ്കാരം നില നിർത്താൻ, അതു വഴി ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ഒരു ജനതയെ ഇവിടെ നിലനിർത്താൻ ഒക്കെയുള്ള ശ്രമങ്ങളിലേയ്ക്കാവട്ടെ ഇത്തവണത്തെ വിഷുപ്പുലരിയിൽ നമ്മൾ കണി കണ്ടുണരുന്നത്

No comments:

Post a Comment