Friday, April 17, 2015

നേത്രനാരായണന്‍

   പ്രാചീന കേരള സമൂഹത്തിൽ എല്ലാറ്റിന്റേയും അവസാനവാക്കായിരുന്ന ആഴ്_വാഞ്ചേരി തമ്പ്രാക്കളുടെ ഒരു വിശേഷനാമമാണ്‌ നേത്രനാരായണൻ എന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് സാക്ഷാൽ നാരായണനെ നേരിട്ട് കണ്ടതുകൊണ്ടാണത്രെ അങ്ങനെ അറിയപ്പെടുന്നത്. പറഞ്ഞ് കേട്ടിട്ടുള്ള കഥ ഇപ്രകാരമാണ്‌: അഗ്നിഹോത്രി 99 യാഗങ്ങൾ ചെയ്ത് നൂറാമത്തേതിന്‌ തയ്യാറെടുക്കുന്ന സമയം. ദേവേന്ദ്രന്‌ തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായി (100 യാഗങ്ങൾ ചെയ്താൽ ഇന്ദ്രനാവുമത്രേ). സഹായത്തിന്‌ മഹാവിഷ്ണുവിനെ സമീപിക്കുകയും അദ്ദേഹം യാഗാചാര്യനായ ആഴ്_വാഞ്ചേരി തമ്പ്രാക്കൾക്കു മുൻപിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് നൂറാമത്തെ യാഗം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ദേവേന്ദ്രൻ തന്റെ സ്ഥാനം നഷ്ടപ്പെടാതെ രക്ഷപ്പെട്ടുവെന്നാണ്‌ കഥ. അങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് നാരായണനെ കണ്ട തമ്പ്രാക്കൾ നേത്രനാരായണനായി. തലമുറകളിലൂടെ ആ പേര്‌ എല്ലാ തമ്പ്രാക്കൾക്കും പകർന്ന് കിട്ടുന്നു.

Source: Google Images
        എന്നാൽ ഇതിനെ മറ്റൊരു രീതിയിൽ വായിക്കുമ്പോൾ നമുക്ക് കുറച്ചുകൂടി വിശാലമായ അർത്ഥം കിട്ടും. നാരായണനെ നേരിട്ട് കണ്ടയാൾ എന്നതിനെ നാരായണനെ കാണാൻ കഴിയുന്നയാൾ എന്നാക്കിയാൽ ആ വാക്കിന്റെ അർത്ഥവ്യാപ്തി കൂടും. തൂണിലും തുരുമ്പിലും പുല്ലിലും പുഴുവിലും എന്നു വേണ്ട ഈ ലോകത്തിലെ സകലതിലും ഈശ്വരാംശമുണ്ടെന്നും അതുകൊണ്ട് തന്നെ അവയിലൊക്കെ ആ ഈശ്വരദർശനം സാധ്യമാവണമെന്നും നമ്മുടെ പല തത്വശാസ്ത്രങ്ങളും ഉപദേശിക്കുന്നു. ഉദാഹരണമായിഈശാവാസ്യോപനിഷത്തിലെ രണ്ട് പാഠങ്ങൾ പറയുന്നത് ശ്രദ്ധിക്കുക.

                 ‘യസ്തു സർവ്വാണി,ഭൂതാന്യാത്മന്യേവാനുപശ്യതി,
                      സർവ്വഭൂതേഷു ചാത്മാനം തതോന വിജുഗുപ്സതേ
                 (ആരാണോ സർവ്വ പ്രാണികളേയും പരമാത്മാവിൽ ദർശിക്കുന്നത്, സർവപ്രാണികളിലും പരമാത്മാവിനെ ദർശിക്കുന്നത് അവൻ ആരേയും നിന്ദിക്കുന്നില്ല).

                 ‘യസ്മിൻ സർവ്വാണി ഭൂതാന്യാത്മൈവ ഭൂദ് വിജാനത:
                      തത്ര കോ മോഹ: ക: ശോക: ഏകത്വമനുപശ്യത:
                               (ഏതൊരവസ്ഥയിൽ പരമാത്മാവിനെ അറിയുന്നവന്‌ എല്ലാ പ്രാണികളും പരമാത്മാവിന്റെ രൂപമായി തോന്നുന്നുവോ, ആ അവസ്ഥയിൽ ഏകമാത്രനായ പരമാത്മാവിന്റെ സാക്ഷാത്കാരം അനുഭവിക്കുന്ന അവന്‌ എന്ത് മോഹം? എന്ത് ശോകം?)

    ആ അർത്ഥത്തിൽ നോക്കുമ്പോൾ, ഏകമാത്രനായ പരമാത്മാവിന്റെ സാക്ഷാത്കാരം അനുഭവിക്കുന്ന, ശോക മോഹങ്ങളില്ലാത്ത യോഗിയാണ്‌ ആഴ്_വാഞ്ചേരി തമ്പ്രാക്കൾ എന്നല്ലേ നേത്രനാരായണൻഎന്ന പദം കൊണ്ട് അർത്ഥമാക്കേണ്ടത്അങ്ങനെ വരുമ്പോൾ അദ്ദേഹം നരനിൽ നിന്നും നാരായണനിലേയ്ക്കുയരുന്നു. തലമുറകളിലൂടെ പകർന്നു വരുന്നതും ആ ഉൾക്കാഴ്ച തന്നെയായിരിക്കണം. അങ്ങനെയായിരിയ്ക്കണം അദ്ദേഹത്തിന്‌ സ്വർണ്ണപ്പശുവിൽ പോലും പരമാത്മചൈതന്യം ദർശിക്കാൻ സാധിച്ചതും. അപ്പോഴാണല്ലോ പാക്കനാരുടെ എല്ലാ തമ്പ്രാക്കളും തമ്പ്രാക്കൾആഴ്_വാഞ്ചേരി തമ്പ്രാക്കൾ തമ്പ്രാക്കൾഎന്ന  സ്തുതിക്ക് കൂടുതൽ വലുപ്പമുണ്ടാവുന്നത്.

No comments:

Post a Comment