(സൂചന: ജലഹള്ളിയും യശ്വന്ത്‌പൂരും, ബാംഗ്ലൂരിലെ അടുത്തടുത്ത രണ്ട് സ്ഥലങ്ങളും Indian Institute of Science, യശ്വന്ത്‌പൂരിന് വളരെ അടുത്തുള്ള ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനവുമാണ്, )
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്നും ഭാരതത്തിന്റെ ഐ.ടി. തലസ്ഥാനമായ ബാംഗ്ലൂരിലേക്ക് EL204237881IN എന്ന consignment number-ല്‍ ഉള്ള ഒരു സ്പീഡ് പോസ്റ്റ് നടത്തിയ യാത്രയുടെ കഥയാണിത്. അതിലേക്കു കടക്കുന്നതിന് മുന്‍പേ പറയട്ടെ, പോസ്റ്റല്‍ ഡിപ്പാര്‍മെന്റിനെയോ അവിടുത്തെ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ ആക്ഷേപിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. ഇതില്‍ പറഞ്ഞത് പോലെ കത്തുകളും മറ്റ് പോസ്റ്റുകളും അവിടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നു ഡിപ്പാര്‍ട്ട്മെന്‍റ് തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവ് തീര്‍ച്ചയായും ഡിപ്പാര്‍ട്ട്മെന്റിനേയും അതിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും ഒരുപാട് സഹായിക്കും.
Raghu C V
SD04, Aryabhatta Apartments
Indian Institute of Science
Yeswanthpur
Pin 560012
എന്ന അഡ്രസ്സിലേയ്ക്ക് 2015 ജൂലായ് 13-ന് തൃശ്ശൂരില്‍ നിന്നും ഒരു കവര്‍ സ്പീഡ് പോസ്റ്റ് ആയി അയയ്ക്കുന്നതോടെയാണ് ഈ യാത്രയുടെ കഥ ആരംഭിയ്ക്കുന്നത്. (എന്റെ ഒരു ബന്ധുവിന്റെ ആവശ്യത്തിന് വേണ്ടി അയച്ചതാണ് ഈ കവര്‍.)
പ്രസ്തുത കവറിന്റെ കൃത്യമായ യാത്രാപഥം താഴെ കാണുന്ന ചിത്രത്തിലുണ്ട്.
Source: India Post website |
15-ആം തിയ്യതി ഉച്ചയോടെയാണ് ഞങ്ങള്‍ ബാംഗ്ലൂരില്‍ വച്ച് ആദ്യമായി ഈ കവറിനെ പറ്റി അന്വേഷിക്കുന്നത്. (India post consignment tracking : http://www.indiapost.gov.in/articleTracking.aspx). ആ സമയത്ത്, ജലഹള്ളി ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയ കവര്‍ തെറ്റായി അയച്ചു ( Missent) എന്ന കാരണം കാണിച്ച് NSH (National Sorting Hub)-ബാംഗ്ലൂരിലേയ്ക്ക് തിരിച്ചു പോയിരുന്നു. ഞങ്ങള്‍ ഫോണ്‍ ചെയ്ത് അന്വേഷിച്ചപ്പോള്‍ അതിനി തൃശ്ശൂരിലേയ്ക്ക് തിരിച്ച് പോവുമെന്നും അതിനിടയില്‍ നിന്നൊന്നും കൈപ്പറ്റാന്‍ പറ്റില്ലെന്നും മനസ്സിലായി (NSH-ബാംഗ്ലൂരില്‍ നിന്നും ഞങ്ങള്‍ക്ക് വാങ്ങാന്‍ പറ്റുമോ എന്ന്‍ ഞങ്ങള്‍ അന്വേഷിച്ചു). എന്നാല്‍,560012 എന്ന പിന്‍കോഡ് ഉള്ള Indian Institute of Science പോസ്റ്റ് ഓഫീസില്‍ വരേണ്ട കവര്‍ എങ്ങനെ മറ്റൊരു പിന്‍കോഡ് ഉള്ള പോസ്റ്റ് ഓഫീസില്‍ എത്തി എന്ന്‍ ഞങ്ങളെ അപ്പോഴും കുഴക്കി. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു.
ഏതായാലും തൃശ്ശൂരിലേയ്ക്കുള്ള മടക്കയാത്ര എങ്ങനെയായിരിക്കും എന്നറിയാനായി 16-ആം തിയ്യതി വീണ്ടും നോക്കിയപ്പോഴാണ് ഞങ്ങള്‍ അത്ഭുതപ്പെട്ടത്. NSH-ബാംഗ്ലൂരില്‍ നിന്നും ആ കവര്‍ വീണ്ടും ജലഹള്ളി ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയിരിക്കുന്നു ! . വീണ്ടും അവിടേയ്ക്ക് വിളിച്ച് സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ശരിയായ പോസ്റ്റ് ഓഫീസിലേയ്ക്ക് അയച്ച് തരാമെന്ന്‍ (Re-Direct) പറഞ്ഞു. എന്നാല്‍ അതിന് ഒരു ദിവസം കൂടി എടുക്കുമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ ചെന്ന്‍ വാങ്ങിയ്ക്കാന്‍ തീരുമാനിയ്ക്കുകയും അതുപ്രകാരം ചെയ്യുകയും ചെയ്തു.
Indian Institute of Science പോസ്റ്റ് ഓഫീസില്‍ വരേണ്ട കവര്‍ എങ്ങനെ അവിടെയെത്തി എന്ന്‍ ഞങ്ങള്‍ ചോദിച്ചതിനു അവര്‍ തന്ന വിശദീകരണമാണ് ഞങ്ങളെ ശരിയ്ക്കും ഞെട്ടിച്ചത്. അഡ്രസ്സില്‍ Yeswanthpur എന്ന്‍ എഴുതിയിട്ടുണ്ടെന്നും അവിടേയ്ക്കുള്ള വിതരണം ഈ പോസ്റ്റ് ഓഫീസില്‍ നിന്നും ആയതിനാല്‍ അവിടെയെത്തി എന്നുമാണ് അവര്‍ പറഞ്ഞത്. ! ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ തിരിച്ചു പോന്നു.
കവറിനു പുറത്ത് Yeswanthpur എന്ന്‍ വെട്ടി Bangalore എന്നാക്കിയത് കണ്ടു. NSH-ല്‍ നിന്നോ ജലഹള്ളിയില്‍ നിന്നോ ആരെങ്കിലും ചെയ്തതായിരിക്കണം.
എന്നാല്‍, അഡ്രസ്സില്‍ Indian Institute of Science പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് ( 560012 ) കൃത്യമായി എഴുതിയിരുന്നു. പിന്‍കോഡ് മാത്രം ഉപയോഗിച്ച് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസും കൃത്യമായി കണ്ടു പിടിക്കാം. പിന്നെങ്ങനെ സ്ഥലപ്പേര് മാത്രം നോക്കി ഒരു പോസ്റ്റ് ഓഫീസിലേയ്ക്ക് ഈ കവര്‍ വിതരണത്തിനായി അയച്ചു. പോസ്റ്റ് ചെയ്യുമ്പോള്‍ പിന്‍കോഡ് കൃത്യമായി എഴുതാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റ് തന്നെ ആഹ്വാനം ചെയ്യുന്നുണ്ട്. ഇങ്ങനെയാണ് പോസ്റ്റുകള്‍ കൈകാര്യം ചെയ്യപ്പെടുന്നതെങ്കില്‍പിന്നെ അതുകൊണ്ടെന്തു കാര്യം?
താഴെ പറയുന്ന ചില കാര്യങ്ങളാണ് ഞങ്ങള്‍ അനുമാനിക്കുന്നത്.
- തൃശ്ശൂരില്‍ നിന്നും പോസ്റ്റ് ചെയ്തപ്പോഴേ സ്ഥലപ്പേര് മാത്രം നോക്കി എത്തിച്ചേരേണ്ട പോസ്റ്റ് ഓഫീസ് തീരുമാനിക്കുകയും അതിനനുസരിച്ച് തരംതിരിക്കുകയും (SORT) ചെയ്തു.
- ഇതേ കാര്യം തൃശ്ശൂര്‍ NSH-ല്‍ സംഭവിച്ചു.
- ബാംഗ്ലൂര്‍ NSH-ലുമാവാം ഇങ്ങനെ സംഭവിച്ചത്.
- ജലഹള്ളി ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും Indian Institute of Science പോസ്റ്റ് ഓഫീസിലേക്ക് അയക്കാതെ സ്ഥലപ്പേര് നോക്കി വിതരണത്തിന് ശ്രമിച്ചു. ( Indian Institute of Science -ന്‍റെ ഹെഡ് പോസ്റ്റ് ഓഫീസ് ജലഹള്ളി ആണെന്ന്‍ ഇന്റര്‍നെറ്റില്‍ കണ്ടു).
ഈ സംഭവം ഒരാളുടേയോ കുറച്ചാളുക ളുടേയോ കൈയ്യബദ്ധമോ, തെറ്റോ, ശ്രദ്ധക്കുറവോ, അറിവില്ലായ്മയോ - എന്തുമാവാം. അഥവാ നടപടിക്രമത്തിലെ ഒരു പിഴയുമാവാം (procedural mistake). അതിനര്‍ത്ഥം പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ എപ്പോഴും ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നല്ല. പക്ഷെ, ഇത്തരം കാര്യങ്ങള്‍ സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ അവിടെയുണ്ട് എന്ന്‍ ഈ സംഭവം കാണിക്കുന്നു. ഇത് സ്പീഡ് പോസ്റ്റ് ആയതുകൊണ്ട് പോകുന്ന വഴി കണ്ടു പിടിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു (India post consignment tracking : http://www.indiapost.gov.in/articleTracking.aspx). എന്നാല്‍, ഇതേ അഡ്രസ്സില്‍ ഒരു സാധാരണ പോസ്റ്റ് അയച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. ജലഹള്ളിയിലോ NSH-ബാംഗ്ലൂരിലോ മറ്റെവിടെയെങ്കിലുമോ അത് അനാഥമായി കിടന്നേനെ. അങ്ങനെയുള്ള പലതും പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ളവയാവുകയും ചെയ്യും.(ജോലിക്കുള്ള നിയമനോത്തരവ് തുടങ്ങി പലതുമാവാം) അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള തെറ്റുകള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റ് എടുക്കേണ്ടതുണ്ട്.