Friday, June 5, 2015

പ്രച്ഛന്നവേഷങ്ങള്‍

പഠിക്കുന്ന കാലത്ത്,
രാഷ്ട്രീയ നേതാവ് മരിച്ചതിന്
സ്കൂളിന് ഒഴിവ് കിട്ടിയപ്പോള്‍
അവന്‍ സന്തോഷം കൊണ്ടുവന്നു

                                അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്നും
                                 ചതഞ്ഞരഞ്ഞ മൃതദേഹം പുറത്തെടുക്കുമ്പോള്‍
                                 അവന്‍ ഞങ്ങളെ പേടിപ്പിച്ചു.

കാന്‍സര്‍ ബാധിച്ച് വേദന തിന്നിരുന്ന
ബാലേട്ടനെ അവന്‍ കോരിയെടുത്തത്
കാരുണ്യത്തോടെയായിരുന്നു.

                                 ഭാര്യയേയും പിഞ്ചുകുഞ്ഞിനേയും
                                 വാടക വീട്ടില്‍ തനിച്ചാക്കി
                                രാമേട്ടനെ കവര്‍ന്നെടുത്തപ്പോള്‍
                                അവന്റെ മുഖം ക്രൂരമായിരുന്നു

എന്നും സ്നേഹിയ്ക്ക മാത്രം ചെയ്ത
മുത്തശ്ശിയെ കൂടെ കൊണ്ടുപോയപ്പോള്‍ പോലും
ശാന്തമായ കാലത്തിന്റെ മുഖമാണ് അവനില്‍ കണ്ടത്

എന്നാല്‍,
     ഞങ്ങളുടെ ഇളയ സഹോദരനെ 
     അകാലത്തില്‍ പിടിച്ചെടുത്തപ്പോള്‍
     ഈ മുഖങ്ങള്‍ക്കപ്പുറത്തുള്ള 
     അവനെ നോക്കി പകച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ

Image Source: Google Images